പാരിസ്: ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച നടപടിക്കെതിരെ നടക്കുന്ന വ്യാപകമായ പ്രതിഷേധങ്ങളെ തള്ളി ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു.
പലസ്തീന്‍ ജനത യാഥാര്‍ത്ഥ്യമുള്‍ക്കൊള്ളണം. അധികം വൈകാതെ അവര്‍ക്ക് തീരുമാനം അംഗീകരിക്കേണ്ടി വരുമെന്നും നെതന്യാഹു പറഞ്ഞു.മേഖലയില്‍ സമാധാനം പുനസ്ഥാപിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാരീസില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു നെതന്യാഹു.
ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ അറബ് ലോകത്തെങ്ങും പ്രതിഷേധം ശക്തമായി. പലസ്തീനില്‍ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ തുടരുകയാണ്. പലസ്തീന്‍ അതോറിറ്റി അധ്യക്ഷന്‍ മഹ്മൂദ് അബ്ബാസിന്റെ ഫത്ത പാര്‍ട്ടി പ്രതിഷേധം തുടരാന്‍ പലസ്തീന്‍കാരോട് ആഹ്വാനം ചെയ്തു. ഗാസ മുനമ്ബ് നിയന്ത്രിക്കുന്ന ഹമാസ് പുതിയ ഇത്തിഫദയ്ക്ക് (സൈനികമുന്നേറ്റം) ആഹ്വാനം നല്‍കിയിട്ടുണ്ട്.
തുര്‍ക്കി പ്രസിഡന്റ് രജപ് തയ്യിപ് ഉര്‍ദുഗാന്‍ ഇസ്രയേലിനെ ‘ഭീകരരാജ്യ’മെന്നും ‘കുഞ്ഞുങ്ങളെ കൊല്ലുന്ന നാടെ’ന്നും വിളിച്ചു. മുസ്ലിം-അറബ് രാജ്യങ്ങളായ ജോര്‍ദാന്‍, തുര്‍ക്കി, പാകിസ്താന്‍, മലേഷ്യ, ലെബനന്‍, ഇന്‍ഡൊനീഷ്യ, ഈജിപ്ത്, കുവൈത്ത്, മൊറോക്കോ തുടങ്ങിയയിടങ്ങളില്‍ ഞായറാഴ്ച വന്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. ബയ്‌റുത്തിലെ യുഎസ് നയതന്ത്രകാര്യാലയത്തിനുമുന്നില്‍ പ്രതിഷേധിച്ചവര്‍ക്കുനേരേ ലെബനീസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. വിവിധരാജ്യങ്ങളിലെ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ഒട്ടേറെപ്പേര്‍ക്ക് കല്ലും റബ്ബര്‍ ബുള്ളറ്റും കണ്ണീര്‍വാതകവുമേറ്റ് പരിക്കുപറ്റി.