തെല്‍അവീവ്: പലസ്തീനി യുവാവിനെ വെടിവെച്ചു കൊന്ന കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇസ്രായേല്‍ സൈനികനെ പിന്തുണച്ച് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു.
സൈനികന് മാപ്പു നല്‍കി വിട്ടയക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു. സൈനികനും കുടുംബത്തിനും ഒപ്പം താനും ഇസ്രായേല്‍ സര്‍ക്കാരുമുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.
വെസ്റ്റ്ബാങ്കില്‍ പരിക്കേറ്റ പലസ്തീനി യുവാവിനെ നിര്‍ദയം വെടിവെച്ചുകൊന്ന കേസില്‍ ഇസ്രായേല്‍ സൈനികന്‍ എലോര്‍ അസാരിയ കുറ്റക്കാരനെന്ന് തെല്‍അവീവിലെ മൂന്നംഗ സൈനിക കോടതി ബുധനാഴ്ച വിധിച്ചിരുന്നു.
20കാരനായ എലോര്‍ അസാരിയക്കെതിരെ 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന നരഹത്യക്കുറ്റമാണ് കോടതി ചുമത്തിയത്.
2016 മാര്‍ച്ച് 21നാണ് വെസ്റ്റ്ബാങ്കിലെ ഹീബ്രൂണില്‍വെച്ച് ഫതഹ് അല്‍ശരീഫിനെയും (21) മറ്റൊരു പലസ്തീനി യുവാവിനെയും അസാരിയ വെടിവെച്ചു കൊലപ്പെടുത്തിയത്.
ഇരുവരെയും കൊലപ്പെടുത്തും മുമ്പ് ഇസ്രായേല്‍ സൈനികര്‍ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. പലസ്തീനിയന്‍ മനുഷ്യാവകാശസംഘം ഈ രംഗം പകര്‍ത്തി വിഡിയോ പുറത്തുവിട്ടു.
പരിക്കേറ്റ ശരീഫിനെ സൈനികരുള്‍പ്പെടെ വളഞ്ഞിരിക്കുന്നതും പിന്നീട് അവിടേക്ക് കടന്നുവന്ന അസാരിയ തലക്കുനേരെ വെടിയുതിര്‍ക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
സംഭവം പുറത്തുവന്നതോടെ ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശസംഘങ്ങള്‍ രംഗത്തെത്തി.
പ്രതിയെ ജീവപര്യന്തം തടവിനു ശിക്ഷിക്കണമെന്നായിരുന്നു ശരീഫിന്റെ മാതാപിതാക്കളുടെ ആവശ്യം. നിയമവിരുദ്ധമായി
പലസ്തീനികളെ കൊലപ്പെടുത്തുന്ന ഇസ്രായേലിനെതിരെ യു.എന്‍ ഇടപെടണമെന്ന് പലസ്തീന്‍ നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
2015ല്‍ പലസ്തീനികള്‍ക്കെതിരായ 186 ക്രിമിനല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 21 കേസുകളില്‍ അന്വേഷണം നടന്നു. അതില്‍ നാലു കേസുകളില്‍ മാത്രമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയത്.