‘ഫാസ്റ്റ് ലാഫ്‌സ്’ ഫീച്ചര്‍ അവതരിപ്പിച്ച് നെറ്റ്ഫ്‌ലിക്‌സ്

ടിക്ക് ടോക്കിന് സമാനമായ സേവനം അവതരിപ്പിച്ച് നെറ്റ് ഫ്‌ലിക്‌സ്. ഫാസ്റ്റ് ലാഫ്‌സ് എന്ന് പുതിയ ഫീച്ചറാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ടിക്ക് ടോക്കിന് സമാനമായ ഹ്രസ്വ വീഡിയോ ഉള്ളടക്കങ്ങളാണ് ഫാസ്റ്റ് ലാഫ്‌സിലൂടെ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നത്.

നെറ്റ്ഫ്‌ലിക്‌സിന്റെ പ്രൊഡക്റ്റ് ഇനൊവേഷന്‍ ഡയറക്ടര്‍ പാട്രിക് ഫ്‌ലെമിങ്ങാണ് പുതിയ സേവനത്തെക്കുറിച്ച് ബുധനാഴ്ച പങ്കുവെച്ച ഒരു ബ്ലോഗ് പോസ്റ്റിലൂടെ പ്രഖ്യാപിച്ചത്. അതേസമയം നിലവില്‍ തിരഞ്ഞെടുത്ത രാജ്യങ്ങളിലെ ഐ-ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ഈ സേവനം ലഭിക്കുക.

നെറ്റ്ഫ്ളിക്സിലെ വിവിധ ഉള്ളടക്കങ്ങളില്‍ നിന്നുള്ള ചെറുഭാഗങ്ങളാവും ഫാസ്റ്റ് ലാഫ്സില്‍ ഉണ്ടാവുക. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നെറ്റ്ഫ്ളിക്സിന്റെ ബൃഹത്തായ ഉള്ളടക്ക ശേഖരങ്ങളിലേക്ക് ഉപയോക്താക്കളെ എത്തിക്കാനുള്ള വഴിയായി ഈ സേവനത്തെ വിലയിരുത്താം. സിനിമകളിലേയും, പരമ്പരകളിലേയും, സ്റ്റാന്‍ഡ് അപ്പ് കോമഡി പരിപാടികളിലേയും രസകരമായ രംഗങ്ങളുടെ ചെറു ക്ലിപ്പിങുകള്‍ ഫാസ്റ്റ് ലാഫ്സില്‍ കാണാം.

ഫാസ്റ്റാ ലാഫ്സിലെ വീഡിയോ ക്ലിപ്പുകള്‍ വാട്സാപ്പിലും, ഇന്‍സ്റ്റാഗ്രാമിലും, സ്നാപ്ചാറ്റിലും പങ്കുവെക്കാനും സാധിക്കും. എന്തായാലും ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ഈ ഫീച്ചര്‍ എത്താന്‍ അല്‍പം സമയമെടുക്കും.

Top