ലോകത്താകെ പടര്‍ന്ന് പിടിച്ചിരിക്കുന്ന കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സിനിമയും ടെലിവിഷന്‍ ചാനലുകളുമുള്‍പ്പെടെ ലോകത്തെ സകല വ്യവസായങ്ങള്‍ മൊത്തം തകര്‍ച്ചയുടെ വക്കിലാണ്. വിനോദ വ്യവസായവും ഇതേ ഭീഷണിയുടെ മുനയിലാണ്. എന്നാല്‍ ലോക്ക് ഡൗണ്‍ മെച്ചമുണ്ടാക്കിയ വിനോദ വ്യവസായ മേഖലയാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍.
ലോകമാകെ വീടുകളില്‍ കഴിയുന്ന മനുഷ്യര്‍ വിനോദത്തിനായി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളെ കൂടുതലായി ആശ്രയിച്ചു തുടങ്ങിയതോടെ ആ കമ്പനികളുടെ വരുമാനത്തിലും വന്‍ തോതിലുള്ള വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഈ രംഗത്തെ ഒന്നാം സ്ഥാനക്കാരായ നെറ്റ്ഫ്‌ളിക്‌സ് ഈ വര്‍ഷത്തെ ആദ്യ മൂന്നു മാസങ്ങളിലെ വരുമാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടു.
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലായി നെറ്റ്ഫ്‌ളിക്‌സ് ആകെ നേടിയ വരുമാനം 5.77 ബില്യണ്‍ ഡോളറാണ്. അതായത് 44,029 കോടി രൂപ! ഈ മൂന്ന് മാസങ്ങളില്‍ പുതിയ ഉപയോക്താക്കളുടെ എണ്ണത്തിലും നെറ്റ്ഫ്‌ളിക്‌സ് വര്‍ധന രേഖപ്പെടുത്തി. 1.58 കോടി പുതിയ സബ്‌സ്‌ക്രൈബേഴ്‌സിനെയാണ് നെറ്റ്ഫ്‌ളിക്‌സ് ഈ കാലയളവില്‍ നേടിയെടുത്തത്. നിലവില്‍ നെറ്റ്ഫ്‌ളിക്‌സിന് ആകെയുള്ള ഉപയോക്താക്കള്‍ 18.2 കോടിയാണ്.