മുംബൈ: നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്ത ആദ്യത്തെ ഇന്ത്യന്‍ സീരിസ് ആയിരുന്നു സേക്രട്ട് ഗെയിംസ്. ഈ സീരിസിന്റെ രണ്ട് സീസണുകള്‍ ഇതിനകം സ്ട്രീം ചെയ്തിട്ടുണ്ട്. വിക്രമാദിത്യ മോട്‌വാനി, നീരജ് ഗയ്‌വാൻ എന്നിവരോടൊപ്പം ഷോയുടെ ഒന്നും രണ്ടും സീസണുകളില്‍ അനുരാഗ് കാശ്യപ് സംവിധായകന്റെ റോളില്‍ ഉണ്ടായിരുന്നു. സേക്രട്ട് ഗെയിംസ് രണ്ടാം സീസണിന് സീസൺ ഒന്നിന്റെ അത്ര നല്ല സ്വീകാര്യത ലഭിച്ചില്ല. കൂടാതെ ഷോ ഔദ്യോഗികമായി റദ്ദാക്കിയിട്ടുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് നെറ്റ്ഫ്ലിക്സ് ഒരു അപ്‌ഡേറ്റും നൽകിയിട്ടില്ല.
എന്നാല്‍ ഈ കാര്യത്തില്‍ പുതിയ അപ്ഡേഷന്‍ നല്‍കുകയാണ് ഈ ഷോയുടെ സംവിധായകരില്‍ ഒരാളായ അനുരാഗ് കാശ്യപ്. തന്റെ പുതിയ ചിത്രമായ ‘ഓള്‍മോസ്റ്റ് ലവ് വിത്ത് ഡിജെ മൊഹബത്തിന്റെ’ പ്രമോഷന്‍ പരിപാടിക്കിടെയാണ് സേക്രട്ട് ഗെയിംസ് സംബന്ധിച്ച് അനുരാഗ് പ്രതികരിച്ചത്.
സേക്രട്ട് ഗെയിംസ് സീരിസ് നെറ്റ്ഫ്ലിക്സ് അവസാനിപ്പിച്ചതായി അനുരാഗ് വെളിപ്പെടുത്തി. സേക്രട്ട് ഗെയിംസ് സീസൺ 2-ൽ ശരിക്കും അനുരാഗ് ഉണ്ടായിരുന്നില്ല. ‘മുക്കാബാസ്’ എന്ന ചിത്രത്തിന്റെ തിരക്കിലായിരുന്നു അനുരാഗ് അന്ന്. സീരിസ് സീസണ്‍ 2 ഷൂട്ട് ചെയ്യുന്നതിന് പത്ത് ദിവസം മുമ്പ്, വിക്രമാദിത്യ മോട്വാനി അനുരാഗിനോട് സേക്രട്ട് ഗെയിംസ് സീസൺ 2 ല്‍ സഹകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
അതിനൊപ്പം ഇന്നത്തെ ഇന്ത്യയിലെ ഒടിടിയുടെ അവസ്ഥയും അനുരാഗ് സൂചിപ്പിച്ചു. ‘താണ്ഡവ്’ വിവാദത്തിന് ശേഷം ഒടിടി പ്ലാറ്റ്ഫോമുകള്‍ എല്ലാം ഭയപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവര്‍ക്ക് ഇപ്പോള്‍ വലിയ ധൈര്യം ഇല്ല. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത താണ്ഡവ് എന്ന സീരിസിലെ ചില രംഗങ്ങളില്‍ മതവികാരം വൃണപ്പെടുത്തുന്നു എന്ന ആരോപണത്തില്‍ കേസ് വന്നിരുന്നു. ഇതിനെ തുടര്‍ന്ന് സീരിസ് ആമസോണ്‍ പ്രൈം നിര്‍ത്തിയിരുന്നു.
അതേ സമയം അനുരാഗിന്റെ പുതിയ ചിത്രമായ ഓള്‍മോസ്റ്റ് പ്യാര്‍ വിത്ത് ഡിജെ മോഹബത്ത് ഫെബ്രുവരി 3 ന് റിലീസാകും. ഒരു കൌമാര പ്രണയകഥയാണ് ചിത്രം പറയുന്നത്. മാഷബിളിന്റെ പരിപാടിയിലായിരുന്നു അനുരാഗിന്റെ പ്രതികരണം.