ഇന്ത്യയില്‍ നെറ്റ്ഫ്‌ളിക്‌സ് 48 മണിക്കൂര്‍ സൗജന്യം

Netflix1

ന്ത്യന്‍ ഉപയോക്താക്കള്‍ക്ക് സൗജന്യമായി ആസ്വദിക്കാന്‍ അവസരമൊരുക്കി നെറ്റ്ഫ്‌ളിക്‌സ്. ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് 48 മണിക്കൂറാണ് സൗജന്യമായി കാണാന്‍ സാധിക്കുക. ഡിസംബര്‍ അഞ്ച്, ആറ് തീയ്യതികളിലായി നെറ്റ്ഫ്‌ളിക്‌സ് നടത്തുന്ന സ്ട്രീംഫെസ്റ്റിന്റെ ഭാഗമായാണ് രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്‌ളിക്‌സ് സൗജന്യമായി ആസ്വദിക്കാന്‍ അവസരം നല്‍കുന്നത്. ഡിസംബര്‍ അഞ്ചിന് കൃത്യം 12.01 ന് ആരംഭിക്കുന്ന സ്ട്രീം ഫെസ്റ്റിലൂടെ ആര്‍ക്കും ഇഷ്ടമുള്ള സിനിമകളും, ടെലിവിഷന്‍ പരിപാടികളും, ഡോക്യുമെന്ററികളും ആസ്വദിക്കാം. സ്ട്രീം ഫെസ്റ്റ് തീയതി മറന്നുപോവാതിരിക്കാന്‍ ഇമെയിലിലോ, ഫോണ്‍ നമ്പറിലോ റിമൈന്റര്‍ സെറ്റ് ചെയ്യാം. സ്ട്രീംഫെസ്റ്റിന്റെ സമയത്ത് ആന്‍ഡ്രോയ്ഡ്, ഐഫോണ്‍, സ്മാര്‍ട്ട് ടിവി എന്നിവയില്‍ നെറ്റ്ഫ്ളിക്സ് കണക്ട് ചെയ്ത് കാണാനുമൊക്കെ സാധിക്കുന്നതാണ്. ഒരാള്‍ക്ക് മാത്രം നെറ്റ്ഫ്ളിക്സ് ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലാണ് ഓഫര്‍ ഒരുക്കുന്നത്. കൂടുതല്‍ പേര്‍ ഒരേ ഐഡി ഉപയോഗിച്ച് കയറാന്‍ ശ്രമിച്ചാല്‍ ‘സ്ട്രീം ഫെസ്റ്റ് ഈസ് അറ്റ് കപ്പാസിറ്റി’ എന്ന സന്ദേശം നെറ്റ്ഫ്ളിക്സ് നല്‍കും. നെറ്റ്ഫ്ളിക്സിന്റെ അടിസ്ഥാന പദ്ധതിയായ 499 രൂപയുടെ പാക്കേജ് ഉപയോഗിക്കുന്നത് പോലെ എസ്ഡി സ്ട്രീമിംങ്ങാണ് സൗജന്യമായി ഉപയോഗിക്കുന്നവര്‍ക്ക് കിട്ടുക.

പ്രൊഫൈല്‍, പാരന്റല്‍ കണ്‍ട്രോള്‍, ക്രിയേറ്റ് ലിസ്റ്റ്, ഡൗണ്‍ലോഡ് മൂവീസ് പോലുള്ള ഫീച്ചറുകളെല്ലാം തന്നെ സ്ട്രീംഫെസ്റ്റിന്റെ ഭാഗമായി ഉപയോഗിക്കാനാവും. എങ്കിലും രണ്ട് ദിവസം മാത്രമേ ഇത് ലഭ്യമാവുള്ളൂ. സ്ട്രീംഫെസ്റ്റിന്റെ ഭാഗമായി സൗജന്യമായി സേവനം നല്‍കുമ്പോള്‍ വലിയ രീതിയിലുള്ള ട്രാഫിക്ക് നെറ്റ്ഫ്‌ളിക്‌സില്‍ ഉണ്ടാവാനിടയുണ്ടാകുന്നതിനാല്‍ സ്ട്രീം ഫെസ്റ്റിന്റെ ഭാഗമാവുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനിടയുണ്ട്. എന്നാല്‍ എത്രപേര്‍ക്കാണ് പ്രവേശനം നല്‍കുക എന്ന് നെറ്റ്ഫ്‌ളിക്‌സ് വ്യക്തമാക്കിയിട്ടില്ല. ഉപയോക്താക്കളെ വര്‍ധിപ്പിക്കുന്നതിനായി പരീക്ഷണാടിസ്ഥാനത്തിലാണ് സ്ട്രീം ഫെസ്റ്റ് ഇന്ത്യയില്‍ സംഘടിപ്പിക്കുന്നത്. ഇത് വിജയകരമാണെങ്കില്‍ മറ്റ് വിപണികളിലും ഇത് നടപ്പാക്കാനാണ് നെറ്റ്ഫ്‌ളിക്‌സിന്റെ പദ്ധതി. ആപ്പ് തുറക്കുന്ന സമയത്ത് പേയ്മെന്റ് വിവരങ്ങള്‍ ഉണ്ടാവില്ല. ഒരു പേരും, മെയില്‍ ഐഡിയും, ഫോണ്‍ നമ്പരും, പാസ് വേഡും മാത്രം നല്‍കിയാല്‍ മതി.

Top