ഏറെ ആരാധകരുള്ള ഒടിടി പ്ലാറ്റ്ഫോമാണ് നെറ്റ്ഫ്ലിക്സ്. ഈ വര്‍ഷം അവസാനത്തോടെ നെറ്റ്ഫ്‌ളിക്‌സില്‍ പരസ്യങ്ങള്‍ കാണിച്ച് തുടങ്ങും. കൂടുതൽ ആളുകളെ നെറ്റ്ഫ്ലിക്സിലേക്ക് ആകർഷിക്കാനും സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുമാണ് നെറ്റ്ഫ്ലിക്സ് ഇങ്ങനെയൊരു നീക്കം നടത്തുന്നത്. ഇതുവഴി പരസ്യങ്ങളോടു കൂടിയുള്ള സബ്‌സ്‌ക്രിപ്ഷനെടുക്കാനുള്ള സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. നെറ്റ്ഫ്‌ളിക്‌സ് മേധാവി ടെഡ് സാരന്‍ഡോസ് ഇക്കാര്യം പറഞ്ഞത്. കാന്‍സ് ലയണ്‍സ് അഡ്വര്‍ടൈസിങ് ഫെസ്റ്റിവലില്‍ സംസാരിക്കുന്നതിനിടയിലാണ് പ്ലാറ്റ് ഫോമില്‍ ഭാവിയില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചത്.
കുറഞ്ഞ തുകയ്ക്ക് സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമുള്ള ഗ്രൂപ്പിനെ ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു സൗകര്യം ഏർപ്പെടുത്തുന്നത്. ഈ സംവിധാനം ഒരുക്കുന്നതിനായി പുതിയ പരസ്യ സേവനദാതാക്കളുമായുള്ള ചര്‍ച്ചയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. നെറ്റ്ഫ്‌ളിക്‌സിന്റെ എതിരാളിയായ ഡിസ്‌നി പ്ലസും പരസ്യം കാണിച്ചുകൊണ്ടുള്ള സബ്‌സ്‌ക്രിപ്ഷന്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഹോട്ട് സ്റ്റാറിലെ വിഐപി സബ്‌സ്‌ക്രിപ്ഷനില്‍ നിലവില്‍ പരസ്യങ്ങള്‍ കാണിക്കുന്നുണ്ട്.
പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച് 2022 ലെ ആദ്യ പാദത്തില്‍ രണ്ട് ലക്ഷം വരിക്കാരെയാണ് കമ്പനിയ്ക്ക് നഷ്ടപെട്ടത്. അതോടെ നെറ്റ്ഫ്ലിക്സിന്റെ ഓഹരി വില 20 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 20 ലക്ഷം ആഗോളതലത്തില്‍ ഉപഭോക്താക്കളെ കൂടി നഷ്ടപ്പെടുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി നേരിടാൻ 450 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. ഇനിയും പലര്‍ക്കും ജോലി നഷ്ടപ്പെട്ടേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.