കൊച്ചി: നെറ്റ്ഫ്‌ലിക്‌സ് പ്ലാറ്റഫോമിലെ സ്ഥിരം സന്ദര്‍ശകര്‍ ഒന്ന് കരുതിയിരിക്കേണ്ടതുണ്ട്. ദ വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് പ്രകാരം നെറ്ഫ്‌ലിക്‌സ് തങ്ങളുടെ സബ്‌സ്‌ക്രിപ്ഷന്‍ തുക കുത്തനെ ഉയര്‍ത്തുമെന്നാണ് കണക്കുകൂട്ടല്‍. ഏതാനും മാസങ്ങള്‍ക്ക് ശേഷമുള്ള സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളിലെ വര്‍ദ്ധനവ് ഈ വര്‍ഷാവസാനമോ അടുത്ത വര്‍ഷം ആദ്യമോ സംഭവിക്കാം. തുടക്കത്തില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലും കാനഡയിലുമായിരിക്കും ശ്രദ്ധ കേന്ദ്രികരിക്കുക. ലോകമെമ്പാടുമുള്ള വിവിധ വിപണികള്‍ക്ക് ഈ വര്‍ധനവ് ബാധകമാക്കാന്‍ നെറ്റ്ഫ്‌ലിക്‌സ് ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
വിവിധ ആഗോള വിപണികളില്‍ ഇത് നടപ്പിലാക്കാന്‍ കമ്പനി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. അതേസമയം ഇന്ത്യയെക്കുറിച്ച് നിലവില്‍ പരാമര്‍ശിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷവും നെറ്റ്ഫ്‌ലിക്‌സില്‍ സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും നിലവില്‍ കമ്പനി നല്കിയിട്ടില്ല.
മുന്‍പ് പാസ് വേഡ് ഷെയറിങ്ങിനെതിരെ നെറ്റ്ഫ്‌ലിക്‌സ് കടുത്ത നടപടികളാണ് സ്വീകരിച്ചത്. അടുത്തിടെ ഇന്ത്യയില്‍ പാസ്വേഡ് പങ്കിടല്‍ അവസാനിപ്പിക്കുകയും സുഹൃത്തുക്കളുമായി അക്കൗണ്ട് പങ്കിടുന്നത് നിര്‍ത്താന്‍ ഉപയോക്താക്കള്‍ക്ക് അറിയിപ്പുകള്‍ നല്കുകയും ചെയ്തിരുന്നു.പാസ്‌വേഡ് ഷെയര്‍ ചെയ്യുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബോറോവര്‍, ഷെയേര്‍ഡ് അക്കൗണ്ടുകളും ചില രാജ്യങ്ങളില്‍ നെറ്റ്ഫ്ളിക്സ് പരീക്ഷിച്ചിരുന്നു. അധിക തുക നല്‍കി കൂടുതല്‍ യൂസര്‍മാരെ അക്കൗണ്ടില്‍ ചേര്‍ക്കാനോ പ്രൊഫൈലുകള്‍ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാനോ ഉപഭോക്താക്കള്‍ക്ക് സാധിക്കുമെന്നതാണ് മെച്ചം. പല രാജ്യങ്ങളിലും നെറ്റ്ഫ്‌ലിക്‌സ് പാസ്വേഡ് പങ്കിടല്‍ അവസാനിപ്പിച്ചതിന് ശേഷം കമ്പനിക്ക് പുതിയ വരിക്കാരെ ലഭിച്ചു. 2023-ന്റെ രണ്ടാം പാദത്തില്‍, നെറ്റ്ഫ്‌ലിക്‌സ് ഏകദേശം ആറ് ദശലക്ഷം പേയ്‌മെന്റ് സബ്‌സ്‌ക്രൈബര്‍മാരെ ചേര്‍ത്തു. ഇത് ഏകദേശം എട്ട് ശതമാനം വര്‍ദ്ധനവാണ്.
നൂറിലേറെ രാജ്യങ്ങളിലേക്ക് ഈ രീതി വ്യാപിപ്പിക്കാനായിരുന്നു അന്ന് കമ്പനിയുടെ തീരുമാനം. ഈ ശ്രമങ്ങള്‍ ഫലം കണ്ടുവെന്ന് പിന്നാലെ വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. യുഎസില്‍ പ്രായപൂര്‍ത്തിയായ ഉപഭോക്താക്കള്‍ ആദ്യമായി നെറ്റ്ഫ്‌ലിക്‌സ്, ടിക്ടോക്ക്, യൂട്യൂബ് പോലുള്ള വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകള്‍ക്ക് പണം ചെലവാക്കി തുടങ്ങിയത് കമ്പനിയുടെ പ്രതീക്ഷ വര്‍ധിപ്പിച്ചു. നിലവില്‍ നെറ്റ്ഫ്‌ലിക്‌സ് അംഗങ്ങള്‍ക്ക് പ്രൊഫൈല്‍ പരസ്പരം കൈമാറാകും. കൂടാതെ ഉപയോക്താവിന് അവരുടെ സെര്‍ച്ച് ഹിസ്റ്ററിയും ശുപാര്‍ശകളും സൂക്ഷിക്കാനുമാകും. ഇന്ത്യയിലിത് നടപ്പിലാക്കുന്നതിനെ കുറിച്ച് തുടക്കത്തില്‍ പരമര്‍ശിച്ചിരുന്നില്ല.