ആദ്യ പ്രണയത്തെക്കുറിച്ചുള്ള നീരജിന്റെ കുറിപ്പ് ഏറ്റെടുത്ത് നെറ്റ്ഫ്‌ലിക്സ്

ലയാളത്തിനും ബോളിവുഡിനും സുപരിചിതനാണ് നീരജ് മാധവ്. മനോജ് ബാജ്‌പേയിയുടെ ‘ദി ഫാമിലി മാന്‍’ എന്ന വെബ് സീരീസിലൂടെ ബോളിവുഡിലും ശ്രദ്ധേയനായ താരം തന്റെ കൗമാര പ്രണയത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറലാവുകയാണ്. ഒഫീഷ്യല്‍ ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന വെബ്സൈറ്റില്‍ നീരജ് പങ്കുവച്ച തന്റെ സ്‌കൂള്‍ പ്രണയാനുഭവം നെറ്റ്ഫ്‌ലിക്സ് തങ്ങളുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതോടെയാണ് കുറിപ്പ് വൈറലായത്. ആദ്യമായി ജീവിതത്തില്‍ തോന്നിയ പ്രണയത്തെയും ഇപ്പോള്‍ 10 വര്‍ഷത്തിന് ശേഷമുള്ള പ്രണയജീവിതത്തെയും കുറിച്ചാണ് നീരജ് ഒഫീഷ്യല്‍ ഹ്യൂമന്‍സ് ഓഫ് ബോംബെയില്‍ എഴുതിയിരിക്കുന്നത്.

‘ബോയ്സ് സ്‌കൂളിലാണ് പഠിച്ചത്. അതിനാല്‍ തന്നെ പെണ്‍കുട്ടികളുമായി അടുത്തിടപഴകുന്നത് കുറവായിരുന്നു. ചെറുപ്പത്തില്‍ പെണ്‍കുട്ടികളോട് സംസാരിക്കാന്‍ മടിയായിരുന്നു, അതിനാല്‍ ഡേറ്റിങ്ങിനെ കുറിച്ച് ചിന്തിക്കാനേ കഴിയില്ലായിരുന്നു.

പക്ഷേ 12-ാം ക്ലാസിലെത്തിയപ്പോള്‍- എനിക്കാദ്യമായി ഒരു പെണ്‍കുട്ടിയോട് ക്രഷ് തോന്നി. കോച്ചിങ് ക്ലാസില്‍ വച്ചായിരുന്നു ആ കണ്ടുമുട്ടല്‍. അവള്‍ മറ്റൊരു ബാച്ചിലായിരുന്നു. വെള്ളമെടുക്കുന്നിടത്ത് വച്ചാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. അവളുടെ കരിമഷിയിട്ട വലിയ കണ്ണുകള്‍ ശ്രദ്ധിക്കാതിരിക്കാന്‍ സാധിച്ചില്ല. ആ നിമിഷത്തിലാണ്, ജീവിതത്തിലാദ്യമായി, വയറ്റില്‍ പൂമ്പാറ്റ പറക്കുന്ന അനുഭവമുണ്ടായത്. അന്നത്തെ ബാക്കിയുള്ള ദിവസം മുഴുവന്‍ ഒരു മങ്ങലായിരുന്നു. പക്ഷെ ഒരുപാട് ചിരിച്ചുവെന്ന് ഞാനോര്‍ക്കുന്നു.

എല്ലാ ദിവസവും പ്രതീക്ഷയോടെ ക്ലാസിലേക്ക് പോയി. ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടില്ല. പക്ഷേ ചില ദിവസങ്ങളില്‍ അവള്‍ എന്നെ നോക്കി പുഞ്ചിരിക്കുമായിരുന്നു. ഞാനപ്പോള്‍ ചുവന്ന് തുടുത്ത് ഒരു തക്കാളിയായി മാറിയെന്ന് പറയാം. ഞങ്ങള്‍ വെവ്വേറ ബസ് സ്റ്റോപ്പില്‍ നിന്നുമായിരുന്നു ബസില്‍ കയറിയിരുന്നത്. എന്നാല്‍ ഞാന്‍ അവളുടെ സ്റ്റോപ്പില്‍ ചെന്ന് കാത്തുനില്‍ക്കും. അവള്‍ പോയ ശേഷം എന്റെ സ്റ്റോപ്പിലേക്ക് തിരിച്ചുവരും. അതൊരു പതിവായിരുന്നു. എനിക്കൊപ്പം കാത്തുനില്‍ക്കാന്‍ ചില സുഹൃത്തുക്കളുമുണ്ടായിരുന്നു. അവളോട് സംസാരിക്കാന്‍ അവർ എന്നെ നിര്‍ബന്ധിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ എനിക്ക് സാധിച്ചില്ല.

അവള്‍ ക്ലാസിലേക്ക് വരുമ്പോഴെല്ലാം കൂട്ടുകാര്‍ ചുമക്കുകയോ എന്റെ പേര് വിളിച്ച് പറയുകയോ ചെയ്യും. ഒരു ദിവസം അവളെനിക്കൊരു പുസ്തകം തന്നപ്പോള്‍ കൂട്ടുകാരെല്ലാം ചേര്‍ന്ന് ബഹളം വച്ചു. അന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ശിക്ഷയും കിട്ടി. കളിയാക്കരുത് എന്ന് ഞാനവരോട് പറഞ്ഞിരുന്നെങ്കിലും അതെല്ലാം വെറുതെയായി. എന്റെ കാര്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ചത് പോലെയായിരുന്നു അവരുടെ പെരുമാറ്റം. അതവളെ ചിലപ്പോഴൊക്കെ ബാധിച്ചിരുന്നു. എന്നിട്ടും അവള്‍ ഒരു തവണ എന്നോട് സംസാരിക്കാന്‍ ശ്രമിച്ചു. പക്ഷേ നാണം കാരണം ഞാന്‍ സീന്‍ വിട്ടു.

അതേസമയത്താണ് ഒരു ഡാന്‍സ് റിയാലിറ്റി ഷോയ്ക്കായി പരിശീലിച്ചുകൊണ്ടിരുന്നത്. അതുകൊണ്ട് അതിനിടെ എനിക്ക് ട്യൂഷന്‍ ക്ലാസ് ഉപേക്ഷിക്കേണ്ടി വന്നു. അവിടത്തെ എന്റെ അവസാന ദിവസം, ഞാനവളെ അവസാനമായി കണ്ടതും അന്നാണ്. അന്ന് ഫേസ്ബുക്കൊന്നും ഉണ്ടായിരുന്നില്ല. എനിക്കൊരു ഫോണ്‍ പോലുമുണ്ടായിരുന്നില്ല. ബന്ധപ്പെടാന്‍ ഒരു വഴിയുമുണ്ടായിരുന്നില്ല. പിന്നീട് ഞാന്‍ തിരക്കിലായി. താമസം മാറി. പക്ഷെ ഇടയ്ക്ക് ഞാനവളെ ഓര്‍ക്കുമായിരുന്നു. അങ്ങനെയിരിക്കെ എനിക്കൊരു പെണ്‍കുട്ടിയുടെ കോള്‍ വന്നു. അവള്‍ ആരാണെന്ന് പറഞ്ഞില്ല, പക്ഷെ എന്നെ പറ്റി എല്ലാം അവള്‍ക്കറിയാമായിരുന്നു. ഞാനന്ന് ധരിച്ച വസ്ത്രത്തിന്റെ കളര്‍ മുതല്‍ എന്റെ ഇഷ്ടഭക്ഷണം വരെ. അവളാണോ അതെന്ന് ഉറപ്പിക്കാനായില്ലെങ്കിലും എന്റെ മനസ് അവളാണെന്ന് പറഞ്ഞുകൊണ്ടേയിരുന്നു.

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിതം ഒരുപാട് മാറിയെന്നും ഇന്ന് തനിക്ക് ഒരു പ്രണയവും മനോഹരിയായ പെണ്‍കുഞ്ഞുമുണ്ടെന്നും നീരജ് കുറിച്ചു. കൗമാരപ്രായത്തില്‍ അന്ന് മറ്റൊരാള്‍ക്കായി തോന്നിയ പൂമ്പാറ്റ പറക്കുന്ന അനുഭവത്തേക്കാള്‍ വീട്ടില്‍ തിരിച്ചെത്തണമെന്ന തോന്നല്‍ വലുതാണെന്ന് നീരജ് വിശദീകരിച്ചു. കൗമാര പ്രണയത്തില്‍ നിന്ന് കുടുംബനാഥനിലേക്കുള്ള നീരജ് മാധവിന്റെ അനുഭവക്കുറിപ്പ് നെറ്റ്ഫ്‌ലിക്സിനൊപ്പം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

 

Top