ബാഹുബലി സീരീസ് വേണ്ടന്നു വെച്ച് നെറ്റ്ഫ്‌ലിക്‌സ് ?

bahubali

രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി. ചിത്രത്തിന്റെ സീരിസ് വരുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ 150 കോടി രൂപ മുതല്‍മുടക്കിയ സിരീസ് നെറ്റ്ഫ്‌ലിക്‌സ് വേണ്ടെന്നുവച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ആറ് മാസത്തെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും ശേഷമാണ് പരമ്പര വേണ്ടെന്ന് നെറ്റ്ഫ്‌ലിക്‌സ് ടീം തീരുമാനിച്ചിരിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രീകരിച്ച ഭാഗങ്ങള്‍ ഇഷ്ടപ്പെടാത്തതാണ് കാരണമെന്നാണ് വിവരം.

ബാഹുബലിയിലെ പ്രധാന കഥാപാത്രമായിരുന്നു രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമി. ശിവകാമിയുടെ ജീവിതമാണ് സിരീസായി ഒരുങ്ങുന്നത്. മൃണാള്‍ താക്കൂറായിരുന്നു ശിവകാമി ദേവിയുടെ യൗവനകാലം അവതരിപ്പിച്ചത്. ദേവ കട്ടയായിരുന്നു സീരിസിന്റെ സംവിധായകന്‍. 2021ല്‍ ആയിരുന്നു ചിത്രീകരണം ആരംഭിച്ചത്.

ഹൈദരാബാദില്‍ ഒരുക്കിയ സെറ്റിലായിരുന്നു സീരിസിന്റെ ചിത്രീകരണം. എന്നാല്‍ എഡിറ്റിംഗ് ഘട്ടത്തില്‍ പ്രതീക്ഷിച്ച നിലവാരമില്ലെന്നു വിലയിരുത്തി സീരിസ് ഉപേക്ഷിക്കാന്‍ നെറ്റ്ഫ്‌ലിക്‌സ് തീരുമാനിക്കുക ആയിരുന്നു. അതേസമയം, പുതിയ സംവിധായകനെയും താരങ്ങളേയും വച്ച് സീരിസ് വീണ്ടും ചിത്രീകരിക്കാനും നെറ്റ്ഫ്‌ലിക്‌സ് ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗ്’ എന്ന നെറ്റ്ഫ്‌ലിക്‌സ് സീരീസ് ‘ബാഹുബലി: ദി ബിഗിനിംഗ്’, ‘ബാഹുബലി: കണ്‍ക്ലൂഷന്‍’ എന്നിവയുടെ പ്രിക്വല്‍ ആണ്. ആനന്ദ് നീലകണ്ഠന്റെ ‘ദി റൈസ് ഓഫ് ശിവകാമിയുടെ’ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ് ഒരുക്കുന്നത്. ഒരു മണിക്കൂര്‍ വീതമുള്ള ഒമ്പത് ഭാഗമായാണ് ഒരു സീസണ്‍. രാഹുല്‍ ബോസ്, അതുല്‍ കുല്‍ക്കര്‍ണി എന്നിവരും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.

Top