പശ്ചിമബംഗാള്‍: നേതാജി സുബാഷ് ചന്ദ്രബോസിന്റെ വിഷയത്തില്‍ കേന്ദ്രത്തിനെതിരൈ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്തിന് വേണ്ടി ത്യാഗം അനുഷ്ഠിച്ച നേതാജിയുടെ പിറന്നാള്‍ ദിനം രാഷ്ട്രീയ ദിവസമായി ആഘോഷിക്കാനോ പൊതു അവധി ദിവസമായി പ്രഖ്യാപിക്കാനോ സര്‍ക്കാരിതുവരെ തയാറായിട്ടില്ലെന്നാണ് മമത ബാനര്‍ജി പറഞ്ഞത്. നോതാജിയുടെ 121-ാം ജന്മദിനം ആചരിക്കുന്നതിന്റെ ഭാഗമായി സംസാരിക്കുന്നതിനിടെയാണ് മമത ബാനര്‍ജി ഇക്കാര്യം പറഞ്ഞത്.
‘ ഇത് നാണക്കേടാണ്, 1941 ല്‍ ബംഗാളില്‍ നിന്നു പോയതിനു ശേഷം നേതാജിക്ക് എന്തു സംഭവിച്ചുവെന്നതില്‍ ഇപ്പോഴും ഒരുത്തരവും നല്‍കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പിറന്നാള്‍ ഇതുവരെ ദേശീയ അവധി ദിവസമായി പ്രഖ്യാപിച്ചിട്ടില്ല. അദ്ദേഹത്തിന് രാജ്യം അര്‍ഹമായ ബഹുമാനം നല്‍കുന്നില്ലെന്നും അവര്‍ പറഞ്ഞു. ‘
ബോസ് കുടുംബത്തിന്റെ കണക്കുകള്‍ പ്രകാരം 77 ഫയലുകളാണ് കേന്ദ്ര ഇന്റലിജന്റ്‌സ് ബ്യൂറോയില്‍ കെട്ടികിടക്കുന്നത്. 2015-ല്‍ സര്‍ക്കാര്‍ അതില്‍ നിന്ന് 64 ഫയലുകള്‍ നീക്കം ചെയ്തിരുന്നു. 2016 ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ചില രഹസ്യ ഫയലുകള്‍ പുറത്ത് വിട്ടിരുന്നു.
അതേസമയം നേതാജിയുടെ രഹസ്യങ്ങളടങ്ങിയ മുഴുവന്‍ ഫയലുകളും ഇതുവരെ പുറത്ത് വിടാന്‍ കേന്ദ്രം തയാറായില്ലെന്ന് രാജ്യസഭ എംപി സുകേന്ദു ശേഖര്‍ റോയി പറഞ്ഞു. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷത്തില്‍ ആസൂത്രണ കമ്മീഷനെ നിയമിക്കാന്‍ ബാനര്‍ജി തീരുമാനിച്ചിരുന്നു. എന്നാല്‍ അതിന് കേന്ദ്രം തയാറായിരുന്നില്ല.
നേരത്തെ, നേതാജിമായുള്ള എല്ലാ വിവരങ്ങളും സോഷ്യല്‍ മീഡിയ വഴി പുറത്ത് വിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പ്രസിദ്ധീകരിക്കുമെന്നും അതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പുറത്ത് വിട്ട വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.
അതേസമയം, മുഖ്യമന്ത്രിയുടെ വികാരങ്ങളെ താന്‍ മാനിക്കുന്നുവെന്നും എന്നാല്‍ നേതാജിയുടെ ജന്മദിനം ദേശീയ അവധി ദിവസമായി പ്രഖ്യാപിക്കുന്നതിനോട് താന്‍ യോജിക്കുന്നില്ലെന്നും ബംഗാളിലെ ബിജെപി വൈസ് പ്രസിഡന്റ് മമത ബാനര്‍ജിയുടെ ആരോപണത്തിന് മറുപടിയായി പറഞ്ഞു. അദ്ദേഹത്തിന്റെ ജന്മദിനം “ദേശ്പ്രേം” ദിവസമായി ആഘോഷിക്കാനാണ് കേന്ദ്രം തയാറെടുക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. നേതാജിയുടെ രഹസ്യ ഫയലുകള്‍ പുറത്ത് വിടാനുള്ള ചുമതല ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.