ലോകകപ്പിൽ വീണ്ടും വൻ അട്ടിമറി; നെതർലൻഡ്സ് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു

ധരംശാല : ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും ഷോക്ക്. ട്വന്റി20 ലോകകപ്പിലെ അട്ടിമറിപ്പെരുമ നെതർലൻഡ്സ് ഏകദിന ലോകകപ്പിലും ആവർത്തിച്ചു. കിരീടത്തിൽ കണ്ണുവച്ചെത്തിയ ദക്ഷിണാഫ്രിക്കയെ ഓറഞ്ച് പട 38 റൺസിനാണ് പ‍ഞ്ചറാക്കിയത്. മഴയെത്തുടർന്ന് 43 ഓവറായി ചുരുക്കിയ പോരാട്ടത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സ് ക്യാപ്റ്റൻ സ്കോട്ട് എഡ്വേഡ്സിന്റെ ( 69 പന്തിൽ 78) ഉജ്വല പ്രകടനത്തിന്റെ മികവിൽ 8 വിക്കറ്റ് നഷ്ടത്തിൽ 245 റൺസെടുത്തു. ദക്ഷിണാഫ്രിക്കയുടെ മറുപടി 42.5 ഓവറിൽ 207 റൺസിൽ അവസാനിച്ചു.

നെതർലൻഡ്സിനു വേണ്ടി ലോഗൻ വാൻ ബീക് മൂന്നും പോൾ വാൻ മീകെറെൻ, റോളോഫ് വാൻഡർ മെർവ്, ബാസ് ഡി ലീഡ് എന്നിവർ 2 വിക്കറ്റ് വീതവും നേടി. എഡ്വേഡ്സാണ് പ്ലെയർ ഓഫ് ദ് മാച്ച്. പോയിന്റ് പട്ടികയിൽ 4 പോയിന്റുമായി ദക്ഷിണാഫ്രിക്ക 3–ാം സ്ഥാനത്തും 2 പോയിന്റുമായി നെതർലൻഡ്സ് 9–ാം സ്ഥാനത്തുമാണ്. സ്കോർ: നെതർലൻഡ്സ്– 43 ഓവറിൽ 8ന് 245, ദക്ഷിണാഫ്രിക്ക 42.5 ഓവറിൽ 207 ഓൾഔട്ട്.

കഴിഞ്ഞ വർഷം ട്വന്റി20 ലോകകപ്പിൽ നെതർലൻഡ്സിനോട് പരാജയപ്പെട്ട് ദക്ഷിണാഫ്രിക്ക നോക്കൗട്ട് ഘട്ടത്തിലെത്താതെ പുറത്തായിരുന്നു. വാൻഡർ മെർവ്, കോളിൻ ആക്കർമാൻ, സൈബ്രാൻഡ് എൻഗിൾ ബ്രെക്റ്റ് എന്നീ ദക്ഷിണാഫ്രിക്കൻ വംശജരടങ്ങുന്ന ടീമാണ് ദക്ഷിണാഫ്രിക്കയെ കീഴടക്കിയതെന്ന സവിശേഷതയുമുണ്ട്.

246 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയുടെ തുടക്കം പതർച്ചയോടെയായിരുന്നു. ഡേവിഡ് മില്ലർ (43) ആണ് ടോപ്സ്കോറർ. ക്വിന്റൻ ഡികോക്കിനെ (20) പുറത്താക്കി കോളിൻ ആക്കർമാനാണ് തകർച്ചയ്ക്കു തുടക്കമിട്ടത്. ദക്ഷിണാഫ്രിക്കയുടെ സ്കോർ അപ്പോൾ 36 റൺസ്. 8 റൺസ് കൂടി ചേർക്കുന്നതിനിടെ നായകൻ ടെംബ ബവുമ (16), എയ്ഡൻ മാർക്രം (1), റസ്സി വാൻഡർ ഡസൻ (4) എന്നിവർ കൂടി പുറത്തായതോടെ നെതർലൻഡ്സ് ടീം ആവേശത്തിലായി.

ഹെൻറിച്ച് ക്ലാസനും (28) മാർക്കോ ജാൻസനും (9) ഏഴാമനായി മില്ലറും മടങ്ങിയതോടെ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകൾ അസ്തമിച്ചു. നേരത്തേ എഡ്വേഡ്സിന്റെ വീരോചിത പോരാട്ടമാണ് നെതർലൻഡ്സിനു ഭേദപ്പെട്ട സ്കോർ നൽകിയത്. ഡെത്ത് ഓവറുകളിൽ ആഞ്ഞടിച്ച ടീം അവസാന 5 ഓവറുകളിൽ മാത്രം 68 റൺസ് നേടി.

Top