നെതര്‍ലന്‍ഡ്:ഒരു പതിറ്റാണ്ട് നീണ്ട ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷം നെതര്‍ലാന്‍ഡില്‍ ബുര്‍ഖ നിരോധന നിയമം നിലവില്‍ വന്നു. മുഖം പൂര്‍ണമായോ ഭാഗികമായോ മറക്കുന്ന വസ്ത്രങ്ങള്‍ക്കാണ് നിരോധനം ബാധകമാകുക. കഴിഞ്ഞ വര്‍ഷം ജൂണില്‍ പാസാക്കിയ നിയമമാണ് ഇപ്പോള്‍ പ്രാബല്യത്തിലെത്തുന്നത്.
ഇന്ന് മുതല്‍ രാജ്യത്ത് മുഖം മറക്കുന്ന വസ്ത്രങ്ങള്‍ നിയമ വിരുദ്ധമായിരിക്കുമെന്ന് നെതര്‍ലാന്‍ഡ്‌സ് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.നിയമപ്രകാരം പൊതു ഇടങ്ങളില്‍ ഇനിമേല്‍ മുഖം മറച്ച് പ്രവേശനം സാധ്യമാകില്ല . നിരസിക്കുന്നവര്‍ക്ക് പ്രവേശനം നിഷേധിക്കാനും 150 യൂറോ വരെ പിഴ ചുമത്താനും നിയമം അനുവാദം നല്‍കുന്നു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിയമം ബാധകമാണ്.
പൊതുഗതാഗത സംവിധാനം, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും നിരോധനം ബാധകമാണ്. നിയമം പ്രാബല്യത്തിലാകുന്നതോടെ, സുരക്ഷാ ഉദ്യോഗസ്ഥരോ സെക്യൂരിറ്റി ജീവനക്കാരോ മുഖം കാണിക്കാനാവശ്യപ്പെട്ടാല്‍ മുഖംമൂടി നീക്കാന്‍ ജനങ്ങള്‍ ബാധ്യസ്ഥരാകും.