വർക്ക് ഫ്രം ഹോം അവകാശമാക്കാൻ നെതർലൻഡ്‌സ്‌

ആംസ്റ്റർഡാം : വർക്ക് ഫ്രം ഹോം ജീവനക്കാരുടെ നിയമപരമായ അവകാശമാക്കാൻ പാർലിമെന്റിൽ നിയമനിർമ്മാണം നടത്തി നെതർലൻഡ്‌സ്. ഇനി സെനറ്റിന്റെ അംഗീകാരം കൂടി ലഭിച്ചാൽ ഈ നിയമം പ്രാബല്യത്തിൽ വരും. ഈ നിയമപ്രകാരം, തൊഴിലുടമകൾക്ക് മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ വർക്ക് ഫ്രം ഹോം നിരസിക്കാൻ കഴിയുകയൊള്ളു. വർക്ക് ഫ്രം ഹോമിനുള്ള എല്ലാ അഭ്യർത്ഥനകളും നിർബന്ധമായും പരിഗണിക്കുകയും വേണം. നിലവിൽ നെതർലൻഡ്‌സിലെ തൊഴിലുടമകൾക്ക് കാരണം കൂടാതെ വർക്ക് ഫ്രം ഹോം എന്ന ആവശ്യം നിരസിക്കാൻ കഴിയും.

2015-ലെ നെതർലൻഡിന്റെ ഫ്ലെക്സിബിൾ വർക്കിംഗ് ആക്ടിന്റെ ഭേദഗതി കൂടിയാണ് പുതിയ ബിൽ. തൊഴിലാളികൾക്ക് അവരുടെ ജോലി സമയം, ഷെഡ്യൂൾ, ജോലിസ്ഥലം എന്നിവയിൽ പോലും മാറ്റങ്ങൾ അഭ്യർത്ഥിക്കാൻ ഫ്ലെക്സിബിൾ വർക്കിംഗ് ആക്ട് അനുവദിക്കുന്നുണ്ട്.

ലോകമെമ്പാടുമുള്ള കമ്പനികൾ തൊഴിലാളികളെ ഓഫീസിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ നിയമനിർമ്മാണം. എന്നാൽ, സെയിൽസ്ഫോഴ്സ് പോലെയുള്ള ചില കമ്പനികൾ ഓഫീസ് ജോലികൾ പൂർണ്ണമായും ഒഴിവാക്കിയിട്ടുമുണ്ട്.

ടെസ്‌ലയെ പോലെയുള്ള മറ്റു ചിലർ ഇപ്പോഴും ഓഫീസിലേക്ക് മടങ്ങാൻ ജീവനക്കാരെ നിർബന്ധിക്കുന്നുണ്ട്. ടെസ്‌ല സ്ഥാപകനും സിഇഒയുമായ എലോൺ മസ്‌ക് ജീവനക്കാർക്ക് ഒന്നുകിൽ ജോലിസ്ഥലത്തേക്ക് മടങ്ങുകയോ കമ്പനി വിടുകയോ ചെയ്യാമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

Top