നെട്ടൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: പ്രതികളെ റിമാന്‍ഡ് ചെയ്തു

കൊച്ചി: കുമ്പളം സ്വദേശി അര്‍ജ്ജുനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ കെട്ടി ചതുപ്പില്‍ താഴ്ത്തിയ കേസില്‍ പിടിയിലായ നാലു പ്രതികളെ എറണാകുളം ജ്യുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. അര്‍ജുന്റെ സുഹൃത്തുക്കളായ നെട്ടൂര്‍ റോണി, നിബിന്‍ , അനന്തു, അജയന്‍ എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.

ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കി. അര്‍ജ്ജുനനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോയി രണ്ടു മണിക്കൂറിനുള്ളില്‍ കൊലപാതകം നടത്തിയെന്നാണ് വ്യക്തമായിരിക്കുന്നത്. അര്‍ജ്ജുനോടൊപ്പം, പ്രതികളിലൊരാളായ നിപിന്റെ സഹോദരന്‍ ബൈക്കില്‍ യാത്ര ചെയ്യവെ അപകടത്തില്‍പ്പെട്ട് മരിച്ച് ഒരു വര്‍ഷം തികയുന്ന ദിവസമായിരുന്നു ജൂലൈ രണ്ട്. അന്നു തന്നെ കൃത്യം നടത്താന്‍ നിപിനും സുഹൃത്തുക്കളും കാത്തിരിക്കുകയായിരുന്നു. വീട്ടില്‍ നിന്നും രാത്രി 10 മണിയ്ക്ക് വിളിച്ചിറക്കിക്കൊണ്ടു പോയ അര്‍ജുനെ രണ്ടു മണിക്കൂറിനുള്ളില്‍ വകവരുത്തി. പട്ടികയ്ക്കും കല്ലിനും തലയ്ക്കടിച്ചായിരുന്നു കൊലപാതകം. തുടര്‍ന്ന് നെട്ടൂര്‍ റെയില്‍വേസ്റ്റേഷനു സമീപമുള്ള ചതുപ്പില്‍ താഴ്ത്തി. വീട്ടില്‍ നിന്നും അര്‍ജ്ജുനെ വിളിച്ചിറക്കിക്കൊണ്ടു പോയ സുഹൃത്തുക്കളില്‍ സംശയം തോന്നിയ അര്‍ജുന്റെ ബന്ധുക്കള്‍ ഇവരെ വീട്ടിലെത്തിച്ച് വിവരങ്ങള്‍ ആരാഞ്ഞെങ്കിലും ഭാവഭേദമില്ലാത്ത മറുപടികളാണ് പ്രതികള്‍ നല്‍കിയിരുന്നത്. തുടര്‍ന്ന് പോലീസിന് കൈമാറിയെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

കുടുംബത്തെ പരിഹസിയ്ക്കുന്ന ഇടപെടലാണ് വിഷയത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നുമുണ്ടായതെന്ന് അര്‍ജുന്റെ അച്ഛന്‍ പറയുന്നത്. എന്നാല്‍ അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പോലീസ് വാദം. ഇവരോടൊപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. സംഭവം സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇവരെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ അടുത്ത ദിവസം അപേക്ഷ നല്‍കും. അന്വേഷണ സംഘത്തില്‍ നാര്‍ക്കോട്ടിക് സെല്ലില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Top