തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം നടക്കില്ലെന്ന് എ ഗ്രൂപ്പ്.
തൃശൂര്‍ വിജിലന്‍സ് കോടതി മുഖ്യമന്ത്രിക്കെതിരെയും വൈദ്യുതി മന്ത്രിക്കെതിരെയും കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തില്‍ ഐ ഗ്രൂപ്പ് നേതൃമാറ്റത്തിന് ചരട് വലി തുടങ്ങിയതോടെയാണ് ‘എ’ ഗ്രൂപ്പ് നിലപാട് കടുപ്പിച്ചിരിക്കുന്നത്.
രാജി വയ്ക്കുകയാണെങ്കില്‍ മന്ത്രിസഭ ഒന്നടങ്കം രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടാമെന്ന നിലപാടിലാണ് ‘എ’ ഗ്രൂപ്പ് നേതാക്കള്‍.
മന്ത്രി കെ ബാബുവിനെതിരായ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കെതിരെയും ആര്യാടനെതിരെയും കേസെടുത്ത് അന്വേഷണം നടത്തണമെന്ന കോടതി വിധിയും ഹൈക്കോടതി റദ്ദാക്കുമെന്ന പ്രതീക്ഷയിലാണ് ‘എ’ വിഭാഗം.
കോടതി വിധി വരും വരെ കാത്തിരിക്കാമെന്നും അതല്ലെങ്കില്‍ മന്ത്രിസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിലേക്ക് പോകാമെന്നുമാണ് നേതാക്കളുടെ നിലപാട്.
എന്നാല്‍ ‘ഐ’ വിഭാഗം രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കി മുന്നോട്ട് പോകണമെന്ന നിലപാടിലാണ്. ഇക്കാര്യത്തില്‍ ‘ഐ’ ഗ്രൂപ്പില്‍ തന്നെ ഭിന്നതയുള്ളതായും റിപ്പോര്‍ട്ടുണ്ട്.
സരിതയുടെ ഇപ്പോഴത്തെ വിവാദ വെളിപ്പെടുത്തലിന് പിന്നില്‍ മുന്നണിയില്‍ നിന്ന് പുറത്ത് പോയവരും അവരുടെ അടുപ്പക്കാരായ ചില കോണ്‍ഗ്രസ് നേതാക്കളും പങ്കാളികളാണെന്ന സംശയം മുഖ്യമന്ത്രിയുടെ അടുത്ത കേന്ദ്രങ്ങളില്‍ സജീവമാണ്.
സരിതയും സഹായിയും ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളില്‍ ബന്ധപ്പെട്ടവരുടെ വിശദാംശങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം പരിശോധിച്ച് വരികയാണെന്നും റിപ്പോര്‍ട്ടുണ്ട്.
മുഖ്യമന്ത്രി വിജിലന്‍സ് കേസില്‍ കുരുങ്ങിയത് ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതിനാല്‍ ഹൈക്കമാന്റും ‘ഒറ്റമൂലി പ്രയോഗത്തിന്’ നിര്‍ബന്ധിക്കപ്പെട്ട സാഹചര്യമാണുള്ളത്.
എ.കെ ആന്റണിയുടെ കൂടി അഭിപ്രായം കണക്കിലെടുത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്നാണ് ഹൈക്കമാന്റ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അതേസമയം ഹൈക്കമാന്റ് പറഞ്ഞാലും രമേശ് ചെന്നിത്തലയെ നേതൃസ്ഥാനത്തേക്ക് അംഗീകരിക്കേണ്ടതില്ലെന്ന വികാരമാണ് ‘എ’ ഗ്രൂപ്പ് നേതൃത്വത്തിനുള്ളത്. ബാര്‍കോഴക്കേസില്‍ ആരോപണവിധേയനായ ചെന്നിത്തലയെ നേതൃസ്ഥാനത്ത് കൊണ്ടുവരണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ ചോദ്യം.
മുഖ്യമന്ത്രിയെ മാറ്റേണ്ടി വന്നാലും മന്ത്രിസഭ രാജിവച്ച് പൊതുതിരഞ്ഞെടുപ്പിനെ നേരിടകയാണെങ്കിലും അന്തിമതീരുമാനം എടുക്കും മുന്‍പ് യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായി ഹൈക്കമാന്റ് ചര്‍ച്ച നടത്തും. മുസ്ലീംലിഗിന്റെയും കേരളാകോണ്‍ഗ്രസിന്റെയും നിലപാട് നേതൃമാറ്റത്തില്‍ നിര്‍ണ്ണായകമാകും.
ഹൈക്കോടതി ബാബുവിനെതിരായ വിധി സ്‌റ്റേ ചെയ്ത പോലെ ഉമ്മന്‍ചാണ്ടിക്കും ആര്യാടനുമെതിരായ കോടതിവിധി സ്‌റ്റേ ചെയ്താല്‍ പോലും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയോ ചെന്നിത്തലയോ നയിച്ചാല്‍ ഭരണത്തുടര്‍ച്ചയ്ക്ക് ഒരു സാധ്യതയുമില്ലെന്നാണ് ഘടകകക്ഷികള്‍ക്കിടയിലെ അഭിപ്രായം.
അഭിപ്രായഭിന്നത ഉണ്ടെങ്കിലും ഈ പ്രത്യേക സാഹചര്യത്തില്‍ സുധീരനെ മുന്‍നിര്‍ത്തുന്നതാണ് നല്ലതാണെന്ന അഭിപ്രായമാണ് മുസ്ലീംലീഗിനുള്ളിലുമുള്ളത്.
കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ രക്ഷകനായി അവതരിക്കാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും കണക്കുകൂട്ടല്‍.