യഥാര്‍ത്ഥത്തില്‍ എന്താണ് അമൃതാനന്ദമയിയുടെ ആത്മീയ കൊട്ടാരത്തില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത് ? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് സാംസ്‌കാരിക കേരളമിപ്പോള്‍ തേടുന്നത്.
ഒരു ഇടവേളക്ക് ശേഷം വീണ്ടും അമൃതാനന്ദമയി മഠത്തില്‍ ദുരൂഹ മരണം നടന്നിരിക്കുകയാണ്.
ബ്രിട്ടീഷ് സ്വദേശിനിയായ സ്റ്റെഫേഡ്‌സിയോന എന്ന യുവതിയാണ് ഒടുവില്‍ മരിച്ചിരിക്കുന്നത്. കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് മഠം അധികൃതര്‍ പറയുന്നത്. ഇവര്‍ തൊട്ടുമുമ്പ് ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസും പറയുന്നുണ്ട്. സംശയം ഉയര്‍ത്തുന്ന പ്രതികരണങ്ങളാണിത്.
ടൂറിസ്റ്റ് വിസയില്‍ ജനുവരി 16ന് മഠത്തില്‍ എത്തിയ യുവതിയുടെ വിസ കാലാവധി കഴിഞ്ഞിരുന്നു. നാട്ടിലേക്കെത്താന്‍ കഴിയാതിരുന്നതാണ് മാനസികാസ്വാസ്ഥ്യം ഉണ്ടാക്കിയതെന്നാണ് മഠം അധികൃതര്‍ അവകാശപ്പെടുന്നത്.
മരണപ്പെട്ട ദിവസം ഉച്ചയ്ക്കും ഇവര്‍ ആത്മഹത്യക്കു ശ്രമിച്ചിരുന്നു എന്നും, പിന്നീട് രാത്രി ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നവര്‍ ഭജനയ്ക്ക് പോയ സമയത്താണ് ആത്മഹത്യ ചെയ്‌തെന്നുമാണ് അധികൃതരുടെ വിശദീകരണം.
ഉച്ചക്ക് ആത്മഹത്യാശ്രമം നടത്തിയ ഒരാളെ തനിച്ചാക്കി എല്ലാവരും പ്രാര്‍ഥനക്ക് പോയി എന്ന വാദം തന്നെ യുക്തിക്ക് നിരക്കാത്തതാണ്.
ഈ കൊറോണ കാലത്ത് എന്ത് കൂട്ട പ്രാര്‍ത്ഥനയാണുള്ളത് എന്നതിന് മഠം അധികൃതര്‍ വിശദീകരണം നല്‍കേണ്ടതുണ്ട്.
നിലവില്‍ അമൃതാനന്ദമയി മഠത്തില്‍ എത്ര അന്തേവാസികളുണ്ട് ? അവരില്‍ വിദേശികള്‍ എത്ര ? സ്വദേശികള്‍ എത്ര? എന്നതിനും വ്യക്തമായ മറുപടി ലഭിച്ചേ പറ്റൂ. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ പോലീസിനും ബാധ്യതയുണ്ട്.
ഈ സംഭവം അതര്‍ഹിക്കുന്ന ഗൗരവത്തോടെ റിപ്പോര്‍ട്ട് ചെയ്യാത്ത മാധ്യമങ്ങളും കുറ്റകരമായ അനാസ്ഥയാണ് കാണിച്ചിരിക്കുന്നത്. ഒരു ചാനലും ഇതുസംബന്ധമായി അന്തി ചര്‍ച്ചകള്‍ പോലും നടത്തിയിട്ടില്ല.
2014ലും ഇതേ മഠത്തില്‍ വച്ച് മറ്റൊരു വിദേശിയും ആത്മഹത്യ ചെയ്തിട്ടുണ്ട്. ജപ്പാന്‍ സ്വദേശിയായ ഓഷി ഇജിയെയാണ് ആശ്രമത്തിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്.
പതിനഞ്ച് വര്‍ഷമായി മഠത്തിലെ ഭക്തനായ ഓഷി ഇജിയുടെ മരണത്തിനും മാനസിക പ്രശ്‌നമാണ് മരണകാരണമായി മഠം ചൂണ്ടിക്കാട്ടിയിരുന്നത്.
ഇയാളുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ പോലും ബന്ധുക്കള്‍ എത്തിയിരുന്നില്ല. പരാതി ഇല്ലാത്തതിനാല്‍ ഈ മരണവും പിന്നീട് അന്വേഷിക്കപ്പെട്ടിരുന്നില്ല.
ഇതുപോലെ തേവന്നൂര്‍ സ്വദേശി രാധാകൃഷ്ണന്‍ എന്നയാളും മഠത്തില്‍ ആത്മഹത്യചെയ്തിട്ടുണ്ട്. മഠത്തിലെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന കുറിപ്പ് എഴുതിയായിരുന്നു രാധാകൃഷ്ണന്റെ ആത്മഹത്യ. ആത്മഹത്യാ കുറിപ്പ് മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും തപാല്‍ മാര്‍ഗം അയച്ച ശേഷമാണ് അദ്ദേഹം ആത്മഹത്യ ചെയ്തിരുന്നത്. തിരുവനന്തപുരം വെള്ളാണി അമൃതശില്‍പകലാ ക്ഷേത്രത്തിലെ ബ്രഹമചാരിയായിരുന്നു രാധാകൃഷ്ണന്‍. രാധകൃഷ്ണന്റെ മരണത്തിലും കാര്യമായ അന്വേഷണമോ നടപടികളോ ഉണ്ടായിട്ടില്ല.
ആശ്രമത്തില്‍ വച്ച് നടന്ന മരണമല്ലെങ്കിലും, 2012ല്‍ ബിഹാറിലെ ഗയ സ്വദേശിയായ സത്‌നാം സിങ്ഹിന്റെ മരണവും ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്. അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി സത്‌നം സിങ്ങിനെ 2012 ഔഗസ്റ്റ് ഒന്നിനാണ് അറസ്റ്റ് ചെയ്തിരുന്നത്. ഇയാളെ പിന്നീട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയുമുണ്ടായി. അവിടെ വെച്ചാണ് കൊല്ലപ്പെട്ടിരുന്നത്.
മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ വച്ച് തലയ്ക്ക് പിന്നില്‍ അടിയേറ്റാണ് സത്‌നാം സിങ് മരിക്കുന്നത്. മരണം നടന്ന് എട്ട് വര്‍ഷം കഴിഞ്ഞിട്ടും ഈ കേസില്‍ ഒരു പുരോഗതിയും ഇതുവരെ ഉണ്ടായിട്ടില്ല.
കേസില്‍ സ്വതന്ത്രമായ അന്വേഷണമാവശ്യപ്പെട്ട് സത്നാമിന്റെ കുടുംബം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്‍മേലുള്ള വിശദീകരണത്തില്‍ കേസന്വേഷണത്തില്‍ വീഴ്ച്ചപറ്റിയെന്ന് അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരും സമ്മതിച്ചിരുന്നു.
അമേരിക്കന്‍ പൗരനായ മാരിയോ സപ്പോട്ടോ പോള്‍ എന്ന യുവാവും മഠത്തില്‍ വെച്ച് ക്രൂര മര്‍ദ്ദനങ്ങള്‍ക്കാണ് ഇരയായിരുന്നത്. ഇദ്ദേഹത്തെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേില്‍ പ്രവേശിപ്പിക്കുകയുമുണ്ടായി.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് അമൃതാനന്ദമയി മഠം സന്ദര്‍ശിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ സംഭവം.
ഇതിനുപുറമെ അമൃതാനന്ദമയിയുടെ ബന്ധുവിന്റെ മരണം ഉള്‍പ്പെടെ പല കേസുകളിലും മഠത്തിന്റെ പങ്ക് ആരോപിക്കപ്പെട്ടിട്ടുളളതാണ്. എന്നാല്‍ തുരന്വേഷണമോ നടപടികളോ ഒരു കേസിലും ഉണ്ടായിട്ടില്ല.
ഈ ദുരൂഹ സംഭവങ്ങളുടെ പട്ടികയിലാണിപ്പോള്‍ ബ്രിട്ടീഷ് യുവതിയുടെ മരണവും ഇടം പിടിച്ചിരിക്കുന്നത്. മനസ്സിന് ശാന്തി നല്‍കുമെന്ന് അവകാശപ്പെടുന്നടത്ത് തന്നെ ഭക്തരുടെ മനോനില തെറ്റുന്നുണ്ടെങ്കില്‍ അതൊരു വിചിത്രമായ കാര്യം തന്നെയാണ്.
ഏത് ദേവിയുടെ മഠമായാലും ഇക്കാര്യങ്ങളിലെല്ലാം വ്യാപകമായ സംശയങ്ങള്‍ നിലവിലുണ്ട്. സമഗ്രമായ അന്വേഷണം തന്നെ അനിവാര്യമാണ്. ഒപ്പം മറ്റ് ദുരൂഹ മരണങ്ങളും അന്വേഷിക്കപ്പെടണം.
ആത്മീയ കേന്ദ്രങ്ങള്‍ ഭക്തരുടെ അഭയകേന്ദ്രങ്ങളായാണ് മാറേണ്ടത്. അതല്ലാതെ യമന്റെ ആലയമായല്ല മാറേണ്ടത്. ഇക്കാര്യം ഓര്‍ക്കുന്നത് നല്ലതാണ്.
Express Kerala