എല്ലാം ശരിയാകും; കൊറോണാവൈറസില്‍ നിശ്ചലമായ തെരുവ് കണ്ട് ഗാംഗുലി

രാജ്യത്ത് കൊറോണാവൈറസ് ചുവടുറപ്പിക്കുകയാണ്, ഇതില്‍ നിന്നും രക്ഷനേടാന്‍ പല ഭാഗങ്ങളിലും അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. തന്റെ നഗരമായ കൊല്‍ക്കത്ത സമാനമായ നിര്‍ബന്ധിത അടച്ചുപൂട്ടലിന് വിധേയമായതിന്റെ കാഴ്ചകള്‍ കണ്ട ബിസിസിഐ അധ്യക്ഷനും, മുന്‍പ് ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി ഞെട്ടല്‍ രേഖപ്പെടുത്തി.

തന്റെ സ്വദേശമായ കൊല്‍ക്കത്തയിലെ ആളൊഴിഞ്ഞ റോഡുകള്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും കാണേണ്ടി വരുമെന്ന് പ്രതീക്ഷിച്ചതല്ലെന്ന് ഗാംഗുലി ട്വിറ്ററില്‍ പ്രതികരിച്ചു. ‘എന്റെ നഗരത്തെ ഇതുപോലെ കാണേണ്ടി വരുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. സുരക്ഷിതരായിരിക്കൂ, ഇതെല്ലാം നല്ലതിനായി ഉടന്‍ വഴിമാറും, എല്ലാവര്‍ക്കും സ്‌നേഹം’, ഗാംഗുലി തന്റെ ട്വിറ്റര്‍ പേജില്‍ ആളൊഴിഞ്ഞ റോഡുകളുടെ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2020 മാറ്റിവെച്ചതിന് ശേഷം ബിസിസിഐ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ആരാധകരോട് സുരക്ഷികമായി ഇരിക്കാന്‍ ആവശ്യപ്പെടുന്ന പോസ്റ്റുകളാണ് പങ്കുവെയ്ക്കുന്നത്. ഇതിനിടെ 2020 ഐപിഎല്‍ സീസണ്‍ കൂടുതല്‍ അനിശ്ചിതത്വങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്. ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ബിസിസിഐ അധികൃതരുടെയും, ഐപിഎല്‍ ടീം ഫ്രാഞ്ചൈസികളുടെയും വീഡിയോ കോണ്‍ഫറന്‍സ് ഉപേക്ഷിക്കുകയും ചെയ്തു.

ഏപ്രില്‍ 15ലേക്ക് തല്‍ക്കാലം നീട്ടിയിരിക്കുന്ന ഐപിഎല്‍ 13ാം സീസണ്‍ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഉപേക്ഷിക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നിലവില്‍ ഐപിഎല്‍ മത്സരങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള സമയമില്ലെന്നാണ് പല ടീം ഉടമകളും അറിയിച്ചത്. രാജ്യം അതിലും വലിയ പ്രതിസന്ധി നേരിടുമ്പോള്‍ ഇത്തരമൊരു ചര്‍ച്ച വേണ്ടെന്ന് അറിയിച്ചതോടെയാണ് നേരത്തെ നിശ്ചയിച്ച കോണ്‍ഫറന്‍സ് ഉപേക്ഷിച്ചത്.

Top