ന്യൂഡല്‍ഹി: പുതിയ 200 രൂപ നോട്ടുകളുടെ അച്ചടി പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്.
കള്ളനോട്ടുകള്‍ അച്ചടിക്കുന്നത് തടയാന്‍ ഏറ്റവും ആധുനികമായ സുരക്ഷ സവിശേഷതകളോടെയാവും 200 രൂപ നോട്ടുകള്‍ പുറത്തിറങ്ങുക. വലിയ സൂഷ്മതയും ശ്രദ്ധയും ഇക്കാര്യത്തില്‍ പുലര്‍ത്തിയിട്ടുണ്ടെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
50, 100 രൂപ നോട്ടുകള്‍ക്ക് തുടര്‍ച്ചയായി 200 കൂടി വരുമ്പോള്‍ അത് സാധാരണക്കാര്‍ക്ക് വലിയ അളവില്‍ ഗുണം ചെയ്യും എന്നാണ് ആര്‍ബിഐ പറയുന്നത്.
2000 രൂപ നോട്ടുകള്‍ അച്ചടിച്ചത് പോലെ തീര്‍ത്തും രഹസ്യമായാണ് 200 രൂപ നോട്ടുകളുടെ അച്ചടിയും നടക്കുന്നത്. പുതിയ നോട്ട് ഇറക്കുന്നതിനെക്കുറിച്ച് ആര്‍ബിഐ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പേ തന്നെ ആര്‍ബിഐ നിര്‍ദേശപ്രകാരം നോട്ടുകളുടെ അച്ചടി ആരംഭിച്ചിട്ടുണ്ടെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആര്‍ബിഐ ഉടമസ്ഥതയിലുളള ബംഗാളിലേയും മൈസൂരിലേയും അച്ചടി പ്രസ്സുകളിലാണ് നോട്ടിന്റെ അച്ചടി നടക്കുന്നതെന്നാണ് കരുതപ്പെടുന്നത്. അച്ചടിച്ച നോട്ടുകളുടെ ഗുണനിലവാര പരിശോധന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മധ്യപ്രദേശിലെ ഹൊഷന്‍ഗാബാദ് പ്രസ്സില്‍ ഇതിനോടകം ആരംഭിച്ചെന്നും സൂചനയുണ്ട്.