കുട്ടികളെ കാണാതാകുമ്പോള്‍ പല മാതാപിതാക്കളും അവരെ കണ്ടെത്താനുള്ള വഴികളന്വേഷിച്ച് പരക്കം പായുക പതിവാണ്. പൊലീസില്‍ പരാതി നല്‍കുകയോ പത്രത്തില്‍ പരസ്യം നല്‍കുകയോ മാത്രമായി വഴികള്‍ ചുരുങ്ങുന്ന അവസ്ഥയാണ് എല്ലായ്‌പ്പോഴും കണ്ടുവരുന്നത്.
ഇങ്ങനെയൊരു സാഹചര്യത്തിലാണ് ചെന്നൈ സ്വദേശിയായ വിജയ് ജ്ഞാനദേശികന്‍ വികസിപ്പിച്ചെടുത്ത പുതിയ ആപ്ലിക്കേഷന്‍ പ്രസക്തമാകുന്നത്. കാണാതാവുന്ന കുട്ടികളുടെ ഫോട്ടോ മാത്രം ഉപയോഗിച്ച് ഇവരെ തിരഞ്ഞുകണ്ടുപിടിക്കുന്ന രീതിയാണ് ഇത്.
ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്‌നോളജി ഉപയോഗിച്ചാണ് കുട്ടികളെ കണ്ടെത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വിജയ് തന്റെ ടീമിനൊപ്പം ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ആദ്യഘട്ടമായി സെന്‍ട്രല്‍, സ്റ്റേറ്റ് വെബ്‌സൈറ്റുകളില്‍ നിന്നും കാണാതായ കുട്ടികളുടെ പരമാവധി വിവരങ്ങള്‍ ശേഖരിച്ചു. പലതും അനാഥാലയങ്ങളില്‍ നിന്നും ശേഖരിച്ചവയായിരുന്നു. മൂന്നു ലക്ഷത്തോളം കുട്ടികളുടെ വിവരങ്ങള്‍ ഇങ്ങനെ ശേഖരിച്ചു.
പുതുതായി കാണാതാവുന്ന കുട്ടികളുടെ വിവരങ്ങള്‍ ഇതുമായി ഒത്തുനോക്കും. രണ്ടും തമ്മില്‍ സാമ്യമുണ്ടെങ്കില്‍ ഈ ആപ്ലിക്കേഷന്‍ കാണിച്ചുതരും. ഫെയ്‌സ് ടാഗര്‍ (Facetagr) എന്നാണു ഈ ആപ്ലിക്കേഷന്‍ അറിയപ്പെടുന്നത്.
എങ്ങനെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത് ?
എത്ര വലുതായാലും മനുഷ്യനില്‍ ചില കാര്യങ്ങള്‍ ഒരിക്കലും മാറില്ല, ഉദാഹരണത്തിന് കൃഷ്ണമണിയുടെ വലുപ്പം. കൂടാതെ, മുഖത്തെ 150 ഓളം പോയിന്റുകള്‍ രേഖപ്പെടുത്തും. ട്രെയിനിംഗ് ദി മോഡ്യൂള്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇവയാണ് ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുന്നത്. മാസ്റ്റേഡ് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ആണ് ഇന്ത്യന്‍ മുഖങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത്. ഈ സാങ്കേതിക വിദ്യയുടെ ലളിതമായ വേര്‍ഷന്‍ ആണ് ഉപയോഗിക്കുന്നത്. കുട്ടികളുടെ മുഖങ്ങള്‍ പൊതുവേ ഇങ്ങനെ മാച്ച് ആവാന്‍ അല്പം ബുദ്ധിമുട്ടാണ്.