കോഴിക്കോട് വിമാനത്താവളത്തിലെ പുതിയ ആഗമന ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ ഒരു മണിക്കൂറില്‍ 1527 യാത്രക്കാരെ ഉള്‍ക്കാള്ളാനാവുന്ന പുതിയ ആഗമന ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു. വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിച്ചതിന് പിന്നാലെയാണ് വിമാനത്താവളം സ്വപ്ന തുല്യമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുന്നത്.

120 കോടി മുടക്കിയാണ് 17000 ചതുരശ്രമീറ്ററില്‍ വിസ്തൃതിയുളള ടെര്‍മിനലിന്റെ നിര്‍മ്മാണം നടത്തിയിരിക്കുന്നത്. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവമാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തത്. ഒരു മണിക്കൂറില്‍ 1527 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകുമെന്നതിനാല്‍ തിരക്കേറിയ സമയങ്ങളില്‍ പോലും യാത്രക്കാര്‍ക്ക് പെട്ടെന്ന് പുറത്തിറങ്ങാനാകും. കസ്റ്റംസ്, എമിഗ്രേഷന്‍ വിഭാഗങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ കൂടുതല്‍ സൗകര്യങ്ങളും ടെര്‍മിനലില്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി രണ്ട് വീതം എക്സ്റേ മെഷീനുകളും 16 എമിഗ്രേഷന്‍ കൗണ്ടറുകളുമാണുള്ളത്.

വീഡിയോ കോണ്‍ഫറന്‍സിലൂടെ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി. മന്ത്രിയുടെ അസൗകര്യം മൂലം രണ്ട് തവണ മാറ്റിവെച്ച ഉദ്ഘാടന ചടങ്ങാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. നിലവിലുണ്ടായിരുന്ന ആഗമന ടെര്‍മിനല്‍ ഇനി പുറപ്പെടല്‍ കേന്ദ്രമായി മാറും.

Top