ബെനലി തങ്ങളുടെ ഏറ്റവും പുതിയ 1200 സിസി ടൂറിംഗ് ബൈക്ക് പുറത്തിറക്കി. ചോൻകിംഗിൽ നടക്കുന്ന ചൈന ഇന്റർനാഷണൽ ട്രേഡ് എക്സിബിഷനിലാണ് ബെനലി 1200 സിസി ടൂറിംഗ് ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്.
ലിക്വിഡ്-കൂൾഡ് 1,200 സിസി ഇൻലൈൻ-ത്രീ എഞ്ചിനാണ് പുതിയ 1200GT ടൂറിംഗ് ബൈക്കിൽ വാഗ്‌ദാനം ചെയ്യുന്നത്. 9,000 rpm-ൽ 134 bhp പവറും 6,500 rpm-ൽ 120 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ് 1200GT. ബെനലി 1200GT-യ്ക്ക് 228 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
സ്പീഡോമീറ്ററിനായുള്ള അനലോഗ് ക്ലോക്കിനും rpm മീറ്ററിനായും ഒരു പൂർണ കളർ ടിഎഫ്ടി ഡിസ്പ്ലേയാണ് 1200GT-യിൽ ബെനലി ഉപയോഗിച്ചിരിക്കുന്നത്. ടയർ പ്രഷർ, ഗിയർ പൊസിഷൻ, സ്പീഡ്, തുടങ്ങിയ മറ്റ് വിവരങ്ങളുടെ ഒരു നീണ്ട പട്ടികയും ഇതിൽ പ്രദർശിപ്പിക്കുന്നു.
കീലെസ് ഇഗ്നിഷനോടൊപ്പം വൈദ്യുതമായി ക്രമീകരിക്കാവുന്ന വിൻഡ്‌സ്ക്രീനും ഹീറ്റഡ് ഗ്രിപ്പുകളും ഇരിപ്പിടങ്ങളുമുണ്ട് പ്രീമിയം ടൂറർ മോട്ടോർസൈക്കിളിൽ. ഇടത് ഹാൻഡിൽബാറിലെ സ്വിച്ചുകൾ നിയന്ത്രിക്കുന്ന വൈദ്യുതപരമായി ക്രമീകരിക്കാവുന്ന മിററുകളും 1200GT-യുടെ സവിശേഷതയാണ്.
കൂടാതെ ഒരു ബട്ടണിന്റെ സഹായത്തോടെ മിററുകൾ മടക്കിവെക്കാനും സാധിക്കും. ഫെയറിംഗിലും ടെയിൽ വിഭാഗത്തിലും ഘടിപ്പിച്ചിരിക്കുന്ന ഹൈ-ഡെഫനിഷൻ ക്യാമറകളും ബെനലി 1200GT ടൂററിന്റെ ആകർഷണമാണ്. ഇത് ബൈക്കിനു മുന്നിലെയും പിന്നിലെയും ട്രാഫിക് നിരീക്ഷിക്കാനും അപകടങ്ങൾ ഒഴിവാക്കാനും സഹായിക്കും. എന്നാൽ ഇവ എങ്ങനെ പ്രവർത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല .