ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു X5 എസ്യുവിയെ ഇന്ത്യന്‍ വിപണില്‍ അവതരിപ്പിച്ചു. ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ തെണ്ടുല്‍ക്കറാണ് X5 -നെ ഇന്ത്യയില്‍ അവതരിപ്പിച്ചത്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ എസ്യുവി ലഭ്യമാവും. ബിഎംഡബ്ല്യു X5 ഡീസലിന് 30d സ്പോര്‍ട്, 30d X ലൈന്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണുള്ളത്. യഥാക്രമേണ 72.9 ലക്ഷം രൂപ, 82.4 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇവയുടെ വില. M സ്പോര്‍ട് എന്ന ഒരു വകഭേദം മാത്രമെ പെട്രോള്‍ പതിപ്പിലുള്ളൂ. 82.4 ലക്ഷം രൂപയാണ് M സ്പോര്‍ടിന്റെ വില.
3.0 ലിറ്റര്‍ ശേഷിയുള്ള ആറ് സിലിണ്ടര്‍ ടര്‍ബോചാര്‍ജിംഗ് എഞ്ചിനാണ് ഡീസല്‍ പതിപ്പായ ബിഎംഡബ്ല്യു X5 xDrive30d -യിലുള്ളത്. ഇത് 261 bhp കരുത്തും 620 Nm torque ഉം പരമാവധി കുറിക്കും. മറുഭാഗത്ത് പെട്രോള്‍ പതിപ്പായ ബിഎംഡബ്ല്യു X5 xDrive40i -യിലാവട്ടെ 3.0 ലിറ്റര്‍ ശേഷിയുള്ള ആറ് സിലിണ്ടര്‍ ടര്‍ബോചാര്‍ജിംഗ് പെട്രോള്‍ എഞ്ചിനാണ് നല്‍കിയിരിക്കുന്നത്. പരമാവധി 335 bhp കരുത്തും 500 Nm torque ഉം കുറിക്കാന്‍ കഴിവുള്ളതാണ് എഞ്ചിന്‍.
ഇരു എഞ്ചിന്‍ പതിപ്പുകളിലും എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സാണുള്ളത്. കൂടാതെ ബിഎംഡബ്ല്യുവിന്റെ xDrive AWD (ഓള്‍വീല്‍ ഡ്രൈവ്) സംവിധനവുമുണ്ട്. നിലവില്‍ ഡീസല്‍ പതിപ്പുകള്‍ മാത്രമെ വില്‍പ്പനയ്ക്കുള്ളൂ. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും X5 -ന്റെ പെട്രോള്‍ പതിപ്പ് എത്തുക. 4,921 mm നീളവും 1,970 mm വീതിയും 1,737 mm ഉയരവും 2,975 mm വീല്‍ബേസുമുള്ളതാണ് പുതിയ ബിഎംഡബ്ല്യു X5.