new born baby found dead in tripunithura

കൊച്ചി: തൃപ്പൂണിത്തുറ ചൂരക്കാട്ട് എട്ടുമാസം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ചൂരക്കാട് പൊതിപ്പറമ്പില്‍ പ്രദീപ് – സ്വപ്ന ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്.

സംഭവത്തില്‍ കുട്ടിയുടെ മൃതദേഹം ഒളിപ്പിച്ചതിന് മാതാവ് സ്വപ്നയ്ക്കെതിരെ കേസെടുത്തു. തലയ്ക്ക് ക്ഷതമേറ്റതിനെത്തുടര്‍ന്നാണ് നവജാതശിശു മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. ടോയ്ലറ്റിലാണ് പ്രസവം നടന്നതെന്നാണ് സൂചന. ഈ സമയത്ത് തലയ്ക്ക് ക്ഷതം സംഭവിച്ചതാണോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

ഗര്‍ഭിണി ആയിരുന്നുവെന്ന വിവരം സ്വപ്ന മറച്ചുവച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രക്തസ്രാവത്തെ തുടര്‍ന്ന് സ്വപ്നയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ സ്വപ്നയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. കൊലപാതക സാധ്യത അടക്കമുള്ളവ പോലീസ് അന്വേഷിക്കുന്നുണ്ട്.

Top