New Brazilian President Michel Temer calls for ‘profound reflection’

സൗപൗളോ: ബ്രസീലില്‍ ഇടക്കാല പ്രസിഡന്റ് മൈക്കള്‍ ടെമറിനെതിരേ പ്രതിഷേധം ശക്തം. പ്രസിഡന്റ് ദില്‍മ റൂസഫിനെ സസ്‌പെന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് വൈസ് പ്രസിഡന്റായിരുന്ന ടെമര്‍ ഇടക്കാല പ്രസിഡന്റായി സ്ഥാനമേറ്റത്.

സപൗളോയില്‍ ടെമറിനെതിരേ പ്രതിഷേധിച്ചവര്‍ അദ്ദേഹത്തിന്റെ കട്ടൗട്ടുകള്‍ കത്തിക്കുകയും റാലികള്‍ സംഘടിപ്പിക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ക്കു നേര്‍ക്ക് പോലീസ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്. ടെമര്‍ സര്‍ക്കാരില്‍ തങ്ങള്‍ക്കു വിശ്വാസമില്ലെന്നും തെരുവിലെ പ്രതിഷേധം തുടരുമെന്നും സംഘടനാ നേതാക്കള്‍ അറിയിച്ചു.

ബ്രസീലിലെ പ്രഥമ വനിതാ പ്രസിഡന്റ് ദില്‍മ റൂസഫിനെ കഴിഞ്ഞദിവസം സെനറ്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബജറ്റില്‍ തിരിമറി നടത്തി കമ്മി കുറച്ചുകാണിച്ചെന്നാണ് ദില്‍മയ്ക്ക് എതിരേയുള്ള ആരോപണം. ദില്‍മയെ ഇംപീച്ച്‌മെന്റ് ആരംഭിക്കുന്നതിനും തീരുമാനിച്ചു. എന്നാല്‍ മുന്‍കാലത്തെ അക്കൗണ്ടിംഗ് രീതികള്‍ അവലംബിക്കുക മാത്രമേ താന്‍ ചെയ്തതെന്നും നിരപരാധിയായ തന്നെ രാഷ്ട്രീയ ലക്ഷ്യംവച്ചു പുറത്താക്കുകയാണെന്നും ദില്‍മ പറഞ്ഞു. വനിതയായതിനാലാണ് തനിക്കെതിരേ നടപടിക്കു തുനിഞ്ഞതെന്നും അവര്‍ ആരോപിച്ചു.

ദില്‍മയുടെ വിചാരണ തീരാന്‍ ആറു മാസംവരെ എടുക്കാം. വിചാരണയ്ക്കുശേഷം അവരെ അധികാരത്തില്‍നിന്നു സ്ഥിരമായി പുറത്താക്കാന്‍ വീണ്ടും സെനറ്റില്‍ വോട്ടെടുപ്പു നടത്തും. മൂന്നില്‍ രണ്ടു ഭൂരിപക്ഷം സെനറ്റര്‍മാര്‍ അനുകൂലമായി വോട്ടു ചെയ്യുന്നതോടെ ഇംപീച്ച്‌മെന്റ് നടപടിക്രമം പൂര്‍ത്തിയാവും.

Top