സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിക്കായി പുതിയ സമിതി; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പുതിയ സര്‍ക്കുലര്‍

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിക്കായി പുതിയ സമിതിയുണ്ടാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ഫണ്ട് കുറവ് മൂലം ഭക്ഷണം മുടങ്ങാതിരിക്കാനാണ് സമിതിയെന്ന് വിശദീകരിക്കുമ്പോഴും പദ്ധതിയില്‍ നിന്നും സര്‍ക്കാരിന്റെ പിന്മാറ്റമാണോ എന്ന സംശയം പ്രതിപക്ഷ സംഘടനകള്‍ ഉന്നയിക്കുന്നു. ഫണ്ടില്‍ കേന്ദ്ര-സംസ്ഥാന തര്‍ക്കം തുടരുന്നതിനിടെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പുതിയ സര്‍ക്കുലര്‍.

ഹൈക്കോടതി ഇടപെട്ടതോടെയാണ് കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്തതിന്റെ സെപ്റ്റംബര്‍ വരെയുള്ള കുടിശ്ശിക നല്‍കിയത്. ഒക്ടോബറിലെ പണം ഇപ്പോഴും പ്രധാനാധ്യാപകര്‍ക്ക് കിട്ടാനുണ്ട്. വാര്‍ഡ് മെമ്പര്‍ രക്ഷാധികാരിയും, പ്രധാന അധ്യാപകന്‍ കണ്‍വീനറുമായി ഉച്ചഭക്ഷണ സംരക്ഷണ സമിതി 30 നുള്ളില്‍ ഉണ്ടാക്കണമെന്നാണ് നിര്‍ദ്ദേശം.

പിടിഎ പ്രസിഡണ്ട്, മാനേജര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധി അടക്കം 8 പേര്‍ അംഗങ്ങള്‍. ഫണ്ട് ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടായാല്‍ ഭക്ഷണം കൊടുക്കാനാണ് സമിതിയെന്ന് സര്‍ക്കുലറില്‍ കൃത്യമായി പറയുന്നു. രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, പൗര പ്രമുഖര്‍ എന്നിവരില്‍ നിന്നും പലിശ രഹിത സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നാണ് നിര്‍ദ്ദേശം. സിഎസ്എ ഫണ്ടുകളും പ്രയോജനപ്പെടുത്താനും നിര്‍ദ്ദേശമുണ്ട്. ഫണ്ട് ലഭ്യമാകുന്ന മുറക്ക് സമിതിക്ക് പ്രധാന അധ്യാപകന്‍ പണം തിരിച്ചുനല്‍കുമെന്നാണ് ഉറപ്പ്.

2021-22 വര്‍ഷത്തെ ഉച്ചഭക്ഷണത്തിനുള്ള സംസ്ഥാന വിഹിതം നോഡല്‍ ഓഫീസറുടെ ഫണ്ടിലേക്ക് മാറ്റാതെ കേരളം ചെലവഴിച്ചെന്നായിരുന്നു കേന്ദ്ര വിമര്‍ശനം. ഇതേ തുടര്‍ന്ന് ആ അധ്യയനവര്‍ഷത്തെ ആദ്യ കേന്ദ്ര ഗഡു പിടിച്ചുവെച്ചിരുന്നു. ഒടുവില്‍ പണം അക്കൗണ്ടിലേക്ക് കേരളം മാറ്റിയെങ്കിലും കണക്കിനെ ചൊല്ലിയുള്ള പോര് തുടരുകയാണ്.

Top