പുതിയ കോവിഡ് വകഭേദം; ഇടിഞ്ഞ് ക്രൂഡ് വില, ഏപ്രിലിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ച

ന്യൂഡല്‍ഹി: അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസ് വകഭേദം ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയത് ആഗോള വിപണികളില്‍ ഇരുട്ടു പരത്തി. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ കുറഞ്ഞു. ഏഷ്യന്‍, യൂറോപ്യന്‍ ഓഹരി വിപണികളില്‍ വന്‍ ഇടിവുണ്ടായി. ഇന്ത്യന്‍ ഓഹരി സൂചികകള്‍ 3 ശതമാനത്തോളം താഴ്ന്നു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 37 പൈസ കുറഞ്ഞ്, ഡോളറിന് 74.89 രൂപ എന്ന നിലയിലെത്തി. രാജ്യാന്തര എണ്ണവില ബാരലിന് 8.77 ഡോളര്‍ (10.7%) കുറഞ്ഞ് 73.45 ഡോളറായി.

2020 ഏപ്രിലിനുശേഷമുള്ള ഏറ്റവും വലിയ ഒറ്റദിന ഇടിവാണ് എണ്ണവിലയില്‍ ഇന്നലെ ഉണ്ടായത്. പുതിയ കോവിഡ് വകഭേദം പടരുന്നത് ലോക സാമ്പത്തികരംഗത്തിന്റെ തിരിച്ചുവരവിനെ ബാധിക്കുമെന്ന വിലയിരുത്തലാണ് എണ്ണവില കുറച്ചത്. എണ്ണവില താഴാന്‍ ഉല്‍പാദകരാജ്യങ്ങള്‍ സമ്മതിക്കാത്തതുമൂലം അമേരിക്കയും യൂറോപ്പും ഇന്ത്യയും ചൈനയുമൊക്കെ വന്‍വിലക്കയറ്റഭീഷണി നേരിടുന്ന വേളയിലെ ഈ ചലനം ആശ്വാസകരമാണ്.

ബ്രിട്ടനിലെയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെയും ഓഹരി സൂചികകള്‍ 3-4 ശതമാനമാണ് ഇന്നലെ ഇടിഞ്ഞത്. ചൈന, ജപ്പാന്‍, കൊറിയ, ഹോങ്കോങ്, ഓസ്‌ട്രേലിയ എന്നിങ്ങനെ എല്ലാ ഏഷ്യന്‍ രാജ്യങ്ങളിലും ഓഹരിവിപണി ഇതേ രീതിയില്‍ തകര്‍ന്നു. അമേരിക്കന്‍ വിപണിയും ഇടിവോടെയാണു തുടങ്ങിയത്.

ആഗോളനിക്ഷേപക സ്ഥാപനങ്ങള്‍ പൊതുവെ ഓഹരികള്‍ വിറ്റഴിക്കുകയാണ്. പല രാജ്യങ്ങളിലും കോവിഡ് നിയന്ത്രണങ്ങള്‍ മടങ്ങിവരുന്നതും വിലക്കയറ്റം രൂക്ഷമാകുന്നതും വിപണികളെ ബാധിച്ചുതുടങ്ങിയപ്പോഴാണ് ആഫ്രിക്കയില്‍ പുതിയ കൊറോണ വകഭേദം കൂടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അമേരിക്കയടക്കം വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളുടെ നീക്കവും നിക്ഷേപകര്‍ പരിഗണിക്കുന്നു.

 

Top