ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ജനം സ്വീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതിന് അവസരം തന്നിരുന്നു. നടപടിയെ വിമര്‍ശിക്കാന്‍ ചിലര്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു. ഗംഗയില്‍ ഇപ്പോള്‍ നാണയങ്ങളല്ല അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് ഒഴുകുന്നത്.
അഴിമതി നേരിടാന്‍ പ്രയാസങ്ങള്‍ അനുഭവിക്കാന്‍ ജനം തയ്യാറാണെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
നോട്ട് പിന്‍വലിച്ചത് പെട്ടെന്ന് എടുത്ത തീരുമാനമല്ല. നേരത്തെ ഒരു പദ്ധതി കൊണ്ടുവന്നിരുന്നു. വലിയ തീരുമാനത്തിന് ഒപ്പം നില്‍ക്കുന്ന ജനതയെ സല്യൂട്ട് ചെയ്യുന്നു. രാജ്യത്തിന് വേണ്ടി ജനങ്ങള്‍ ത്യാഗം സഹിക്കുകയാണെന്നും മോദി വ്യക്തമാക്കി.
പണ ദൗര്‍ലഭ്യതയില്‍ സാധാരണക്കാര്‍ക്ക് പരാതിയില്ല. വിഷമതകളില്‍ സാധാരണക്കാര്‍ക്ക് ഭയപ്പാടില്ല. കള്ളപ്പണം കൈയിലുള്ളവര്‍ ഭയപ്പെട്ടാല്‍ മതി. ജനത്തിന്റെ സഹകരണത്തിന് നന്ദിയെന്നും പ്രധാനമന്ത്രി പറഞ്ഞു.