new currency issue-co operative banks

കൊച്ചി: സഹകരണ ബാങ്കുകളിലെ കണക്കുകള്‍ പരിശോധിക്കാന്‍ ആദായനികുതി വകുപ്പിന്റെ തീരുമാനം. ബാങ്കുകളോട് നിക്ഷേപത്തിന്റെ കണക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി.

കള്ളപ്പണ നിക്ഷേപം കണ്ടെത്താനാണ് നടപടി. സഹകരണ ബാങ്കുകളിലെ 100, 500 രൂപ നോട്ടുകള്‍ വാണിജ്യ ബാങ്കുകള്‍ വഴി മാറ്റിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സഹകരണ ബാങ്കുകളിലെ ഇടപാടുകള്‍ ഭാഗികമായി സ്തംഭിച്ചു. പണം പിന്‍വലിക്കലും നോട്ടു കൈമാറലും നടക്കുന്നില്ല. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം ലഭിച്ചാലേ പണമിടപാട് നടത്താനാകൂ.

സംസ്ഥാനത്ത് 15,287 സഹകരണസംഘങ്ങളാണുള്ളത്. ഇതില്‍ 1604 പ്രാഥമിക സഹകരണബാങ്കുകളാണ്. ഏതാണ്ട് 90,000 കോടിരൂപയാണ് കേരളത്തിലെ സഹകരണമേഖലയിലെ മൊത്തം നിക്ഷേപം. ഇതില്‍ ഏതാണ്ട് 80 ശതമാനത്തോളം തുക വായ്പയായി നല്‍കിയിട്ടുണ്ട്.

കേരളത്തിലെ സഹകരണ ബാങ്കുകളില്‍ 30,000 കോടിയിലധികം രൂപയുടെ കള്ളപ്പണമുണ്ടെന്ന് നേരത്തെ ആദായനികുതി വകുപ്പ് റിപ്പോര്‍ട്ടുകളുണ്ടയിരുന്നു.

സഹകരണബാങ്കുകളില്‍ ഇടപാട് നടത്തുന്നതില്‍ വ്യക്തത തേടി കേരള സര്‍ക്കാര്‍ കേന്ദ്രധനമന്ത്രാലയത്തിന് കത്തയച്ചു. ട്രഷറിയില്‍ പണം സ്വീകരിക്കുന്നതില്‍ വ്യക്തത വേണമെന്നാണ് സര്‍ക്കാര്‍ കത്തില്‍ ആവശ്യപ്പെട്ടത്.

Top