ഭുവനേശ്വര്‍: രണ്ട് ദിവസം മുന്‍പ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്രതയാര്‍ജിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ ന്യൂനമര്‍ദ്ദം ഒഡീഷ്‌ക്കാണ് ഭീഷണിയുയര്‍ത്തുന്നത്.
ന്യൂനമര്‍ദ്ദം കാരണം ഇന്നു മുതല്‍ ഞായറാഴ്ചവരെ സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. അടുത്ത മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഈ ന്യൂനമര്‍ദ്ദം ആന്ധ്രയിലേക്കും, തമിഴ്‌നാട് തീരങ്ങളിലെക്കും നീങ്ങാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.ഇത് സംബന്ധമായി എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പുതിയ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയാല്‍ അതിന് സാഗര്‍ എന്നാകും പേരെന്നും കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇത്തരം ന്യൂനമര്‍ദ്ദങ്ങള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്വാഭാവിമാണെങ്കിലും കൂടുതല്‍ ജാഗ്രത വേണമെന്നാണ് നിര്‍ദേശം. നവംബര്‍ 30 ന് ശ്രീലങ്കക്ക് തെക്ക് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെട്ട ഓഖി ചുഴലിക്കാറ്റ് അപ്രതീക്ഷിതമയാണ് ദിശമാറി അറബിക്കടലിലേക്ക് നീങ്ങിയത്.