തിരുവനന്തപുരം : കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി ആന്ധ്ര, തമിഴ്‌നാട് തീരങ്ങളോട് അടുക്കുകയാണെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
ആന്‍ഡമാന്‍ ദ്വീപസമൂഹത്തിനടുത്തുനിന്നു വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റിന്റെ വേഗവും പ്രഹരശേഷിയും വര്‍ധിച്ചാല്‍ ശ്രീലങ്കന്‍ തീരംവരെ എത്തും. ഇതു കേരളതീരത്തും കടല്‍ക്ഷോഭത്തിനിടയാക്കുമെന്നും മുന്നറിയിപ്പുണ്ട്.ആഘാതശേഷി വിലയിരുത്തിയശേഷമേ പുതിയ ചുഴലിക്കാറ്റിനു പേരിടുന്ന കാര്യം തീരുമാനിക്കൂ.
ആന്ധ്ര, തമിഴ്‌നാട് തീരമേഖലയില്‍ മൂന്നുദിവസത്തേക്കു ജാഗ്രതാനിര്‍ദേശമുണ്ട്. മറ്റന്നാള്‍വരെ കടലില്‍ മത്സ്യബന്ധനത്തിനു പോകുന്നതു വിലക്കി. കടലില്‍ പോയവര്‍ ഉടന്‍ തിരികെയെത്താനും നിര്‍ദേശമുണ്ട്. പുതിയ ചുഴലിക്കാറ്റ് കേരളത്തെ സാരമായി ബാധിക്കില്ലെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ആന്ധ്ര, തമിഴ്‌നാട് തീരങ്ങളിലേക്കു മത്സ്യബന്ധനത്തിനു പോകുന്നത് വിലക്കിയിട്ടുണ്ട്.
ഇപ്പോള്‍ മണിക്കൂറില്‍ 40-50 കി.മീ. വേഗത്തില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് വരുംദിവസങ്ങളില്‍ 100 കിലോമീറ്ററിലധികം വേഗമാര്‍ജിക്കുമെന്നാണു കണക്കാക്കുന്നത്.അടിയന്തരസാഹചര്യങ്ങള്‍ നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്നു മുന്നറിയിപ്പുണ്ട്.