ചൈനയെ ‘പൂട്ടാന്‍’ സിംഗപ്പൂരുമായി ഇന്ത്യക്ക് പുതിയ പ്രതിരോധ സഹകരണം വരുന്നു . .

ന്യൂഡല്‍ഹി: ഇനി ഇന്ത്യയുടെ പടപ്പുറപ്പാടിന് സിംഗപ്പൂരും ഒപ്പമുണ്ടാകും.

പ്രതിരോധ മേഖലയില്‍ സൈനിക സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും സിംഗപ്പൂരും തമ്മില്‍ ധാരണയായി.

ഇന്ത്യന്‍ നാവിക സേനാ കപ്പലുകള്‍ക്കും അന്തര്‍വാഹിനികള്‍ക്കും ഇനി മുതല്‍ സിംഗപ്പൂരിലെ നേവല്‍ ബേസില്‍ പ്രവേശിക്കാനും നങ്കൂരമിടാനും അവിടെ നിന്ന് ഇന്ധനം നിറയ്ക്കാനും പുതിയ സഹകരണം കൊണ്ട് സാധിക്കും.

തര്‍ക്കം നിലനില്‍ക്കുന്ന ദക്ഷിണ ചൈനാ കടലിലേക്കുള്ള ഇന്ത്യന്‍ നാവികസേനയുടെ നിരീക്ഷണങ്ങള്‍ക്ക് പുതിയ സഹകരണം കൂടുതല്‍ കരുത്തേകും.

ഇന്ത്യന്‍ നാവിക സേനയ്ക്ക് നേരിട്ട് സിംഗപ്പൂര്‍ അധികൃതരുമായി ബന്ധപ്പെടാന്‍ സാധിക്കുമെന്നതാണ് സഹകരണത്തിന്റെ പ്രധാന നേട്ടം.

ചാങ്ങി നേവല്‍ ബേസാണ് സിംഗപ്പൂര്‍ ഇന്ത്യയ്ക്കായി തുറന്നു നല്‍കുന്നത്.

നിലവില്‍ നാവികസേനയ്ക്ക് സിംഗപ്പൂര്‍ തുറമുഖത്തില്‍ പ്രവേശിക്കാന്‍ പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിലൂടെ മാത്രമെ സാധിക്കുമായിരുന്നുള്ളു.

അതുപോലെ തന്നെ സിംഗപ്പൂര്‍ നാവികസേനാ കപ്പലുകള്‍ക്കും ഇന്ത്യയുടെ നാവിക സേന കേന്ദ്രങ്ങളില്‍ പ്രവേശിക്കാനും ഇന്ധനം നിറയ്ക്കാനും സാധിക്കും.

പാക്കിസ്ഥാന്‍ വ്യോമസേനയുടെ മുഖ്യ ആയുധമായ അമേരിക്കന്‍ നിര്‍മിത എഫ-്16 പോര്‍വിമാനങ്ങള്‍ സിംഗപ്പൂരിനുമുണ്ട്. ഇവയുടെ പ്രവര്‍ത്തനവും പോരാട്ടത്തിനിടെ അവയെ നേരിടാനുള്ള മാര്‍ഗങ്ങള്‍ മനസിലാക്കാനും ഇനിമുതല്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് കഴിയുമെന്നതും നേട്ടമാണ്.

ചൈനയില്‍ നിന്നുള്ള സൈനിക ഭീഷണിയാണ് ഇന്ത്യയെയും സിങ്കപ്പൂരിനെയും സൈനിക സഹകരണം ശക്തമാക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും എണ്ണം ചൈനയേക്കാള്‍ കുറവാണെങ്കിലും ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കുന്നതോടെ പരിമിതികളൊന്നും തന്നെയില്ലാതെ പ്രതിരോധിക്കാം.

Top