ന്യൂഡല്‍ഹി: ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്ന പ്രക്ഷോഭകരുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് മോദി സര്‍ക്കാര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രണ്ടു മാസത്തോളമായി ഡല്‍ഹിയില്‍ നടക്കുന്ന കനത്ത പ്രക്ഷോഭത്തില്‍ അമ്മമാരടക്കം വന്‍ ജനപങ്കാളിത്തമാണ് ഉള്ളത്.
സമരത്തെത്തുടര്‍ന്ന് കാളിന്ദി കുഞ്ജ് ഷഹീന്‍ ബാഗ് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കേന്ദ്രത്തിന്റെ ചര്‍ച്ചാ നീക്കം. സമരക്കാരുമായി ചര്‍ച്ചയ്ക്കു തയാറാണെന്നും പൗരത്വ നിയമം സംബന്ധിച്ച അവരുടെ സംശയങ്ങള്‍ ദൂരീകരിക്കാമെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഓക്ല നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായ ഷഹീന്‍ ബാഗാണ് തലസ്ഥാനത്തെ പൗരത്വ നിയമ വിരുദ്ധ സമരത്തിന്റെ പ്രധാന ശക്തികേന്ദ്രം. നിയമസഭാ തെരഞ്ഞെടുപ്പില്‍ പൗരത്വ നിയമവും അതിനോടനുബന്ധിച്ച് നടക്കുന്ന പ്രക്ഷോഭങ്ങളും ബിജെപിക്കെതിരായ ശക്തമായ ആയുധമായി കോണ്‍ഗ്രസും എഎപിയും ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ അനുനയ സ്വരം.