ന്യൂഡല്‍ഹി: സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 50.2 ശതമാനത്തോളം വര്‍ധിച്ച് 7,000 കോടി രൂപയായി. 2017ലെ കണക്ക് പ്രകാരമാണിത്. സ്വിസ് നാഷണല്‍ ബാങ്ക് (എസ്.എന്‍.ബി.) വ്യാഴാഴ്ച പുറത്തിറക്കിയ വാര്‍ഷിക വിവര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കള്ളപ്പണത്തിന് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ഈ വര്‍ധന നിലവില്‍ വന്നത്. മൂന്നുവര്‍ഷം തുടര്‍ച്ചയായി കൂപ്പു കുത്തിയ നിക്ഷേപമാണ് കഴിഞ്ഞവര്‍ഷം ഉയര്‍ന്നത്. 2016ല്‍ സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപം 45 ശതമാനം കുറഞ്ഞ് 4,500 കോടിയിലെത്തിയിരുന്നു. 1987ല്‍ സ്വിസ് ബാങ്ക് വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും വലിയ കുറവായിരുന്നു ഇത്.
2017ല്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ നിക്ഷേപമായി സ്വിസ് ബാങ്കിലെത്തിയത് 3,200 കോടിയാണ്. മറ്റു ബാങ്കുകള്‍ വഴിയെത്തിയത് 1,050 കോടിയും കടപ്പത്ര അടക്കമുള്ളവ വഴിയെത്തിയത് 2,640 കോടിയുമാണ്.കള്ളപ്പണ സാധ്യത പരിശോധിക്കുന്നതിന് ഓട്ടോമാറ്റിക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍ എന്ന സംവിധാനം വഴി ഇന്ത്യയുമായി വിവരങ്ങള്‍ പങ്കു വയ്ക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് തീരുമാനിച്ച് മാസങ്ങള്‍ക്കകമാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ഇതുസംബന്ധിച്ച നിയമഭേദഗതി കൊണ്ടുവന്നത്.
ഇപ്പോള്‍ പുറത്തു വിട്ട കണക്കുകളില്‍ ഇന്ത്യക്കാരുടെയും അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും കണക്കുകള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റു രാജ്യങ്ങളിലെ സ്ഥാപനങ്ങളുടെ പേരില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചേക്കാവുന്ന തുകയുടെ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.