നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുള്ള എപ്പൗലെറ്റുകളുടെ പുതിയ ഡിസൈന്‍ പുറത്തിറക്കി

ഡല്‍ഹി: നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുള്ള എപ്പൗലെറ്റുകളുടെ പുതിയ ഡിസൈന്‍ പുറത്തിറക്കി. ഛത്രപതി ശിവജിയുടെ രാജമുദ്രയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ ഡിസൈന്‍. ഡിസംബര്‍ നാലിന് മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ നടന്ന നാവിക ദിനാഘോഷച്ചടങ്ങില്‍ നാവികസേന ഉദ്യോഗസ്ഥര്‍ക്കായി പുതിയ ഡിസൈന്‍ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യന്‍ നാവികസേനയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് പുതിയ ഡിസൈനിലുള്ള എപ്പൗലെറ്റുകള്‍ പുറത്തിറക്കിയിരിക്കുന്നത്. അഡ്മിറല്‍, വൈസ് അഡ്മിറല്‍, റിയര്‍ അഡ്മിറല്‍ എന്നീ റാങ്കുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പുതിയ എപ്പൗലെറ്റുകള്‍ നല്‍കുക.

ഭാരതീയ പൈതൃകത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ ഡിസൈന്‍ ആയിരിക്കും ഇനിമുതല്‍ നാവികസേന ഉദ്യോഗസ്ഥര്‍ക്കുള്ള എപ്പൗലെറ്റുകളെന്ന് നാവികസേനാ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് അവതരിപ്പിച്ച കൊളോണിയല്‍ പാരമ്പര്യത്തിലുള്ള നെല്‍സണ്‍സ് റിംഗ് ആയിരുന്നു ഇതുവരെ ഇന്ത്യന്‍ നാവികസേനയുടെ അടയാളമായി ഉപയോഗിച്ചിരുന്നത്.

Top