New Details Emerge about Missing Mars Lander

ചൊവ്വയില്‍ ജീവന്റെ സാന്നിധ്യം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ചൊവ്വയുടെ ഉപരിതലത്തിലേയ്ക്ക് വിക്ഷേപിച്ച പേടകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലാന്‍ഡറായ ‘സ്‌ക്യാപ്പാറെന്‍ല്ലി’ ലാന്‍ഡിങിനു ഒരു മിനിറ്റു മുന്‍പ് ഭൂമിയുമായുള്ള ബന്ധം നഷ്ടമായി.

ചൊവ്വയുടെ ഉപരിതലത്തിലിറങ്ങുന്നതിന്റെ ഒരു കിലോമീറ്റര്‍ മുകളില്‍ വെച്ചാണ് ഭൂമിയുമായുള്ള സിഗ്‌നല്‍ ബന്ധം നഷ്ടമായത്. ഈ ലാന്‍ഡറിനെ ഇറക്കാന്‍ സഹായിക്കുന്ന പാരച്യൂട്ട് പ്രതീക്ഷിച്ചതിലും നേരത്തേ അതിനെ കൈവിട്ടതാണ് ഇതിനു കാരണമായി കണക്കാക്കുന്നത്.

ദൗത്യം പാരാജയപ്പെട്ടതോടെ 2020ല്‍ മനുഷ്യനെ ചൊവ്വയിലിറക്കാനുള്ള നീക്കത്തിനു കൂടിയാണ് തിരിച്ചടിയായിരിക്കുന്നത്. എന്നാല്‍ പദ്ധതിയിലെ പ്രധാനപ്പെട്ട മറ്റൊരു ഭാഗം വിജയകരമായി ചൊവ്വയെ ഭ്രമണം ചെയ്തു തുടങ്ങിയിട്ടുണ്ട്.

ചൊവ്വയില്‍ മീഥെയ്ന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്താനായുള്ള ‘ട്രെയ്‌സ് ഗ്യാസ് ഓര്‍ബിറ്റര്‍’ (ടിജിഒ) ആണ് വിജയകരമായി ഭ്രമണപഥത്തിലെത്തിയത്. അതേസമയം ചൊവ്വയുടെ ഉപരിതലത്തിലേക്ക് ‘സ്‌ക്യാപ്പാറെന്‍ല്ലി’ക്കു കടക്കാനായതു തന്നെ പദ്ധതി വിജയകരമാണെന്നതിന്റെ സൂചനയാണെന്നാണ് ഇഎസ്എ പറയുന്നത്.

കാരണം എപ്പോള്‍ വേണമെങ്കിലും മാറാവുന്ന ചൊവ്വയിലെ ഭീകരകാലാവസ്ഥയെ ഭേദിച്ച് ഉപരിതലത്തിന് ഒരുകിലോമീറ്റര്‍ വരെ ഉയരത്തില്‍ എത്തുകയെന്നത് നിസാരമായ കാര്യമല്ല.

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെയും റഷ്യയുടെയും സംയുക്ത ബഹിരാകാശ പദ്ധതിയുടെ ഭാഗമായാണ് ‘എക്‌സോമാര്‍സ് 2016’ വിക്ഷേപിച്ചത്.

നാസയുടെ ആഗോള ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്കിന്റെ ഭാഗമായ കാന്‍ബറ ഡീപ് സ്‌പേസ് കമ്യൂണിക്കേഷന്‍ കോംപ്ലക്‌സ് ആയിരുന്നു കഴിഞ്ഞ കുറെ നാളുകളായി എക്‌സോമാര്‍സിനെ നിരീക്ഷിച്ചിരുന്നത്.

ചൊവ്വയുടെ ഉപരിതലത്തിലേയ്ക്ക് ഇറങ്ങുന്നതിന് ഒരു മിനിറ്റ് ബാക്കി നില്‍ക്കെയാണ് സിഗ്‌നല്‍ വിച്ഛേദിക്കപ്പെട്ടത്. ചെറുറോക്കറ്റുകള്‍ ജ്വലിപ്പിച്ചുള്ള ലാന്‍ഡിങ്ങിന്റെ നിര്‍ണായക നിമിഷത്തിലായിരുന്നു സംഭവം.

140 കോടി ഡോളര്‍ ചെലവ് വരുന്ന പദ്ധതി അവസാനനിമിഷത്തില്‍ ഭാഗീകമായി പരാജയപ്പെട്ടത്. ഏഴ് മാസം നീണ്ടു നില്‍ക്കുന്ന ഗവേഷണം എന്ന ലക്ഷ്യവുമായാണ് പേടകത്തെ വിക്ഷേപിച്ചത്.

Top