ഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുമതലയേറ്റു. കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍, പഞ്ചാബ് കേഡറിലുള്ള മുന്‍ ഐ എസ് എസ് ഉദ്യോഗസ്ഥന്‍ ഡോ. സുഖ്ബീര്‍ സിങ് സന്ധു എന്നിവരാണ് ചുമതലയേറ്റത്. തെരഞ്ഞെടുപ്പ് തീയതിയെക്കുറിച്ച് ആലോചിക്കാന്‍ ഉടന്‍ യോഗം ചേരും. വോട്ടെടുപ്പിന് പൂര്‍ണ്ണ സജ്ജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ മൂന്നംഗ സമിതിയാണ് ഗ്യാനേഷ് കുമാര്‍, ഡോ. സുഖ്ബീര്‍ സിങ് സന്ധു എന്നിവരെ പുതിയ കമ്മീഷണര്‍മാരായി തെരഞ്ഞെടുത്തത്. കോ-ഓപ്പറേഷന്‍ വകുപ്പ് സെക്രട്ടറി, പാര്‍ലമെന്ററി കാര്യ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാനേഷ് കുമാര്‍ 1988-ലെ കേരള കേഡര്‍ ഉദ്യോഗസ്ഥനാണ്. ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച ഡോ. സുഖ്ബീര്‍ സിങ് സന്ധു നാഷനല്‍ ഹൈവേ അതോറിറ്റി ചെയര്‍മാന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീ. സെക്രട്ടറി, മാനവവിഭവ വികസന വകുപ്പ് അഡീ. സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ഫെബ്രുവരിയില്‍ അനുപ് ചന്ദ്ര പാണ്ഡെ വിരമിച്ച ശേഷം പകരം തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ചിരുന്നില്ല. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് അരുണ്‍ ഗോയല്‍ കഴിഞ്ഞയാഴ്ച രാജിവെച്ച സാഹചര്യത്തില്‍ കമ്മീഷനില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രം ബാക്കിയായതോടെയാണ് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സമിതിയില്‍ പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന ഒരു കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയും അംഗമായിരുന്നു.