ബാര്‍ കോഴകേസ് അന്വേഷണത്തില്‍ പുതിയ സംഘത്തെ നിയോഗിച്ച് വിജിലന്‍സ് ഡയറക്ടര്‍

mani

തിരുവനന്തപുരം: മുന്‍ മന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് വിജിലന്‍സ് ഡയറക്ടര്‍.

ആരോപണ വിധേയനായ അശോകനെ എസ്പിയായ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്നില്‍ നിന്നു വിജിലന്‍സ് സ്‌പെഷല്‍ സെല്ലിലേക്കു മാറ്റിയാണ് പുതിയ സംഘത്തെ നിയോഗിച്ചിരിക്കുന്നത്.

എസ്പി വി.എസ്. അജിയുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി സിനി ഡേവിസാണ് കേസ് അന്വേഷിക്കുക. വിവിധ യൂണിറ്റുകളില്‍ നിന്ന് അഞ്ച് ഇന്‍സ്‌പെക്ടര്‍മാരെയും സംഘത്തില്‍ നിയമിച്ചു. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കാനാണ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ സംഘത്തിനു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പാറ്റൂര്‍ ഭൂമി ഇടപാടു കേസും വിജിലന്‍സ് സ്‌പെഷല്‍ സെല്ലിനു കൈമാറി. എന്നാല്‍ എഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിരായ കേസും ടൈറ്റാനിയം കേസും ഇപ്പോഴും അശോകന്റെ കീഴിലെ എസ്‌ഐയു ഒന്നിലാണ് അന്വേഷിക്കുന്നത്. ഇവ ഇവിടെ നിന്നു മാറ്റിയിട്ടില്ല.

Top