ബോളിവുഡില്‍ അക്ഷയ് കുമാറിനൊപ്പം പുതിയ ചിത്രത്തിനൊരുങ്ങി പ്രിയദര്‍ശന്‍. 2010-ല്‍ പുറത്തിറങ്ങിയ ‘ഖട്ട മീട്ട’യ്ക്ക് ശേഷം പതിനാല് വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് ഇരുവരും പുതിയ ചിത്രത്തില്‍ ഒന്നിക്കുന്നത്. ഫാന്റസി- ഹൊറര്‍ കോമഡി ജോണറിലുള്ളതാണ് സിനിമ.
ആറ് ചിത്രങ്ങളിലാണ് പ്രിയദര്‍ശനും അക്ഷയ് കുമാറും മുമ്പ് ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. കോമഡി ജോണറിലുള്ളതാണ് എല്ലാം. 2007ല്‍ പുറത്തിറങ്ങിയ ‘ഭൂല്‍ ഭുലയ്യ’ ബോളിവുഡിലെ കള്‍ട്ട് ക്ലാസിക്കുകളില്‍ ഒന്നാണ്. അതേസമയം മുന്‍ ചിത്രങ്ങളുടെ സീക്വലുകളോ റീമേക്കുകളോ ആകില്ല പുതിയ ചിത്രമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നത്. ഇ ടൈംസിനോടായിരുന്നു പ്രതികരണം.
ഭൂല്‍ ഭുലയ്യ 2 സംവിധാനം ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. ഭൂല്‍ ഭുലയ്യ രണ്ടാം ഭാഗം ഒരുക്കാന്‍ തനിക്ക് ആശയങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കി. രണ്ടാം ഭാഗത്തിന്റെ വിജയത്തില്‍ സംവിധായകന്‍ അനീസിനെ അഭിനന്ദിച്ചിരുന്നു. വിജയ ചിത്രത്തിന് ഒരു തുടര്‍ഭാഗം ഉണ്ടാക്കുക എളുപ്പമല്ലെന്നും ഭൂല്‍ഭുല്ലയ്യ 2 സ്വീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
അക്ഷയ് കുമാര്‍ ചിത്രത്തിന്റെ തിരക്കഥാരചന പുരോഗമിക്കുകയാണ്. അതേസമയം അയോധ്യ ക്ഷേത്രത്തിന്റെ 1983 മുതലുള്ള ചരിത്രം പറയുന്ന ഡോക്യുമെന്ററി ഒരുക്കുകയാണ് താനെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.