ഗാസയിലെ സംഘര്‍ഷത്തിന് അറുതി വരുത്താന്‍ പുതിയ വെടിനിര്‍ത്തല്‍ കരാര്‍ ഒരുങ്ങുന്നതായി സൂചന. അമേരിക്ക, ഇസ്രയേല്‍, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ പാരീസില്‍ തയ്യാറാക്കിയ കരാര്‍ അടിസ്ഥാനത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ആറാഴ്ചത്തെ വെടിനിര്‍ത്തലാണ് കരാര്‍ മുന്നോട്ട് വയ്ക്കുന്നത്. ഹമാസ് ബന്ധികളാക്കിയ ഇസ്രയേലികളെയും ഇസ്രയേല്‍ ജയിലുള്ള പലസ്തീനികളെയും പരസ്പരം കൈമാറ്റം ചെയ്യുന്നതിനാണ് വെടിനിര്‍ത്തല്‍ പരിഗണിക്കുന്നത്.
വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് ഹമാസ് ഉന്നത നേതൃത്വം ചര്‍ച്ചകള്‍ നടത്തിവരികയാണ് എന്നാണ് ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍. ഗാസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് നിര്‍ദേശം ഹമാസിന് ലഭിച്ചതായി സംഘടനയുടെ രാഷ്ട്രീയ മേധാവി ഇസ്മായില്‍ ഹനിയ തന്നെ വ്യക്തമാക്കുന്നു.
അമേരിക്ക, ഇസ്രായേല്‍, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പാരീസ് ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിഞ്ഞ നിര്‍ദ്ദേശം ഹമാസ് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹനിയ ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. പാരീസ് യോഗത്തില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഹമാസ് പ്രതിനിധികള്‍ക്ക് കെയ്റോയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ഹനിയേ കൂട്ടിച്ചേര്‍ത്തു.
അതിനിടെ, പലസ്തീനിലെ ആശുപത്രിയ്ക്ക് നേരെ ഇസ്രയേല്‍ സൈനിക നടപടിയില്‍ മുതിര്‍ന്ന ഹമാസ് നേതാവ് കൊല്ലപ്പെട്ടു. ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ ഹമാസ് കമാന്‍ഡര്‍ മുഹമ്മദ് ജലാം (27), മറ്റ് രണ്ട് പേര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. വടക്കന്‍ വെസ്റ്റ്ബാങ്ക് നഗരമായ ജെനിനിലെ ഇബ്ന്‍ സിന സ്‌പെഷ്യലൈസ്ഡ് ഹോസ്പിറ്റലിന് നേരെ ആയിരുന്നു നടപടി. ഇസ്രായേല്‍ സൈന്യം സിവിലിയന്‍ വസ്ത്രം ധരിച്ച് ആയുധങ്ങളുമായി ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു എന്നാണ് ജെനിനിലെ ഉന്നത ഫലസ്തീന്‍ ആരോഗ്യ ഉദ്യോഗസ്ഥന്‍ വിസാം സ്‌ബെയ്ഹത്തിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.