ഇന്ധനവില വര്‍ധന; കാളവണ്ടി ഉപയോഗിച്ച് ഔഡി കാര്‍ കെട്ടി വലിച്ച് പ്രതിഷേധം

ന്ധന വില ദിനംപ്രതി വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ വേറിട്ട പ്രതിഷേധവുമായി ഡല്‍ഹിയിലെ ആളുകള്‍. ജര്‍മ്മന്‍ ആഡംബരവാഹനമായ ഔഡി കാര്‍ കാളവണ്ടി ഉപയോഗിച്ച് കെട്ടി വലിച്ചായിരുന്നു കഴിഞ്ഞ ദിവസം ദില്ലിയിലെ കരംപുരയിലെ പ്രദേശവാസികള്‍ പ്രതിഷേധിച്ചത്. തിരക്കേറിയ റോഡിലായിരുന്നു പ്രതിഷേധം.

ഡീസലിന് പെട്രോളിനെക്കാള്‍ വില ഉയര്‍ന്നതിന് പിന്നാലെയാണ് ജനങ്ങള്‍ പ്രതിഷേധിക്കാനായി നിരത്തിലിറങ്ങിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ചരിത്രത്തില്‍ ആദ്യമായാണ് ഡീസല്‍ വില പെട്രോളിനെക്കാളും ഉയര്‍ന്നതെന്ന് പ്രതിഷേധം സംഘടിപ്പിച്ച പ്രദേശത്തെ റെസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ലോകേഷ് മഞ്ജുല്‍ പറഞ്ഞു. ഇക്കാര്യം വലിയതോതില്‍ ബാധിക്കും. ഡല്‍ഹി സര്‍ക്കാരിനോട് വാറ്റ് നികുതി പിന്‍വലിക്കാന്‍ തങ്ങള്‍ ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം കൊറോണ, ഇപ്പോള്‍ ഇന്ധനവില. ഈ സാഹചര്യത്തില്‍ എങ്ങനെ ബിസിനസ് മുന്നോട്ടുകൊണ്ടുപോകുമെന്ന് മഞ്ജുല്‍ ചോദിക്കുന്നു. തങ്ങളുടെ ആവശ്യം അംഗീകരിച്ചെങ്കില്‍ 14 ദിവസത്തെ നിരാഹാരസമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Top