ഇന്റര്‍പോളിനു പുതിയ മേധാവി ; കിം ജോങ് യാങിനെ തലവനായി നിയമിച്ചു

പാരീസ്: ഇന്റര്‍പോള്‍ തലവന്‍ മെങ് ഹോങ് വെയ്‌യെ ചൈന കസ്റ്റഡിയില്‍ എടുത്ത പശ്ചാത്തലത്തില്‍ ഇന്റര്‍പോളിനു പുതിയ മേധാവിയെ നിശ്ചയിച്ചു. തെക്കന്‍ കൊറിയയില്‍ നിന്നുള്ള ഇന്റര്‍പോളിലെ സീനിയര്‍ വൈസ് പ്രസിഡന്റ് കിം ജോംഗ് യാങിനാണ് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. മെംഗ് ഹോംഗ്‌വെയുടെ രാജി അടിയന്തരമായി സ്വീകരിച്ചെന്ന് ഇന്റര്‍പോള്‍ അറിയിച്ചു. ദുബായില്‍ അടുത്ത മാസം നടക്കുന്ന ജനറല്‍ അസംബ്ലിയില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും.

ചൈനീസ് സ്വദേശിയായ മെംഗ് കഴിഞ്ഞ മാസം അവസാനം ഫ്രാന്‍സില്‍ നിന്നു ചൈനയിലേക്കു പോയതിനു ശേഷം കാണാതാവുകയായിരുന്നു. മെംഗിന്റെ ഭാര്യ വ്യാഴാഴ്ച ഫ്രഞ്ച് പൊലീസിനു പരാതി നല്‍കിയതോടെയാണ് സംഭവം ലോകമറിയുന്നത്.

കാണാതായ മെംഗ് ഹോങ്‌വെയ് തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നു ചൈന സ്ഥിരീകരിച്ചിരുന്നു. ടാക്‌സ് വെട്ടിച്ചെന്ന കേസിലാണ് മെങ് ഹോങ് വെയ്‌യെ അറസ്റ്റുചെയ്തതെന്നാണ് സൂചന. അഴിമതിക്കേസുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ കസ്റ്റഡിയിലാണ് ഹോങ് വെയ് എന്ന് ബെയ്ജിങ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

അഴിമതി ആരോപണത്തെ തുടര്‍ന്ന് ഹോങ് വെയ്‌യെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഇന്റര്‍പോള്‍ നീക്കിയിരുന്നു. ചൈനയിലെ ഉയര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ കൂടിയാണ് അറസ്റ്റ് ചെയ്യപ്പെട്ട മെങ് ഹോങ് വെയ്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ മെങ് നേരത്തെ ചൈനീസ് പബ്ലിക് സെക്യൂരിറ്റി വകുപ്പിന്റെ സഹമന്ത്രിയായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് അദ്ദേഹം ഇന്‍ര്‍പോള്‍ മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടത്.

ചൈനീസ് പൊതുസുരക്ഷാ ഉപമന്ത്രി കൂടിയാണ് മെങ്. 2016ലാണ് മെങ് ഇന്റര്‍പോളിന്റെ തലപ്പത്ത് എത്തുന്നത്. നാല് വര്‍ഷമാണ് മേധാവിയുടെ കാലാവധി.

Top