ന്യൂഡൽഹി: ചരിത്രം കുറിച്ച് ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്തു. രാവിലെ രാവിലെ 10.15ന് പാർലമെന്റ് സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. രാഷ്ട്രപതി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ് ദ്രൗപതി മുർമു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാജ്യം 75 മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുമ്പോഴാണ് ഗോത്ര വിഭാഗത്തിൽ നിന്നുള്ള ഒരു വനിത ഇന്ത്യയുടെ പ്രഥമ വനിതയാകുന്നത്. സ്വാതന്ത്ര്യാനന്തരം ജനിച്ച ആദ്യത്തെ പ്രസിഡന്റാകും മുർമുവെന്നതാണ് മറ്റൊരു സവിശേഷത.
ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതിയെന്ന പ്രത്യേകതയും ദ്രൗപതി മുർമുവിനുണ്ട്. രാഷ്ട്രപതി രാം നാഥ് കോവിന്ദിനൊപ്പമാണ് ലിമോസിനിൽ പാർലമെന്റിലേക്ക് ദ്രൗപതി മുർമു എത്തിയത്. ഉപരാഷ്ട്രപതിയും ലോക്സഭാ സ്പീക്കറും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ചേർന്ന് ഇരുവരെയും സെൻട്രൽ ഹാളിലേക്ക് ആനയിച്ചു. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി ശ്രദ്ധ ചെലുത്തുമെന്ന് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ദ്രൗപതി മുർമു പറഞ്ഞു.
1958 ജൂൺ 20ന് സാന്താൽ കുടുംബത്തിലാണ് ജനനം. ഒഡിഷയിലെ മയൂർബഞ്ച് ജില്ലയിൽനിന്നുള്ള ബി.ജെ.പി നേതാവാണ് ദ്രൗപതി മുർമു. ഇന്ത്യയിലെ ഏറ്റവും അവികസിതമായ ഗ്രാമങ്ങളിലൊന്നാണ് മയൂർബഞ്ച്. രാഷ്ട്രീയത്തിലെത്തുന്നതിന് മുമ്പ് അധ്യാപികയായിരുന്നു. 1997ൽ കൗൺസിലറായാണ് രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം.