ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍.
മന്ത്രിസഭാ പുനഃസംഘടനക്ക് പിന്നാലെ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്ത് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെറുമൊരു എബിവിപി നേതാവല്ലായിരുന്നു താനെന്നും വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ ഭാഗമായിരുന്നു താനെന്നും വ്യക്തമാക്കിയ ജാവ്‌ദേക്കര്‍ കഴിഞ്ഞ 40 വര്‍ഷങ്ങളായി വിദ്യാഭ്യാസ രംഗവുമായി നിരന്തരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നെന്ന കാര്യവും ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിലെ പ്ലാനിംങ് കമ്മീഷന്റെ തലപ്പത്ത് ഉണ്ടായിരുന്ന കാര്യം മുതല്‍ എംപിയായശേഷം മാനവവിഭവശേഷി വകുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നതും എടുത്ത പറഞ്ഞ അദ്ദേഹം രാജ്യത്തെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ കൂട്ടായ ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്ന ശുഭാപ്തി വിശ്വാസവും പങ്കുവെച്ചു. എല്ലാവരോടും എപ്പോഴും സംസാരിക്കുന്നതിനാല്‍ ചര്‍ച്ചകള്‍ക്കുളള സാധ്യതകളുണ്ടെന്നും വിദ്യാര്‍ഥികള്‍ക്ക് സമരങ്ങളുടെ ആവശ്യം ഉണ്ടാകില്ലെന്നും ജാവ്‌ദേക്കര്‍ പറഞ്ഞു.
വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം ഉയര്‍ത്തി മാറ്റങ്ങള്‍ കൊണ്ടുവരികയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വിദ്യാര്‍ഥികളില്‍ അറിയുവാനുളള ആഗ്രഹം വളര്‍ത്തിക്കൊണ്ട് വരണം. തൊഴിലിന് വേണ്ടി മാത്രമുളളതാകരുത് വിദ്യാഭ്യാസമെന്നും മൂല്യങ്ങളെ മാനിക്കാനും, സ്വഭാവരൂപീകരണത്തിനും അധ്യാപകരെ ബഹുമാനിക്കാനും വേണ്ടിയുളളതാകണമെന്നും അദ്ദേഹം വ്യക്തമാക്കി.