ഐക്യൂവിന്റെ പുതിയ സ്മാര്‍ട്ട് ഫോണായ നിയോ 7 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഐക്യൂ നിയോ 7 സ്മാര്‍ട്ഫോണിന്റെ അപ്ഗ്രേഡ് ചെയ്ത പതിപ്പാണ് പുതിയ നിയോ 7 പ്രോ. ഗെയിമിംഗ് പ്രേമികളെ ലക്ഷ്യം വെച്ചാണ് പ്രധാനമായും നിയോ 7 പ്രോ തയ്യാറാക്കിയിരിക്കുന്നത്. ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 8+Gen 1 പ്രോസസര്‍ നിയോ 7 പ്രോയുടെ കരുത്ത് കൂട്ടും എന്നാണ് ഐക്യൂ അവകാശപ്പെടുന്നത്. ഡാര്‍ക്ക് സ്റ്റോം പതിപ്പ്, ഫിയര്‍ലെസ് ഫ്‌ലേം പതിപ്പ് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ആയാണ് നിയോ 7 പ്രോ അവതരിപ്പിച്ചിരിക്കുന്നത്. ജൂലൈ 15 മുതല്‍ ഫോണ്‍ ഓണ്‍ലൈനായി വില്‍പനയ്ക്ക് എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
5,000mAh ബാറ്ററി ഉള്ളതിനാല്‍ മികച്ച ബാറ്ററിപാക്കപ്പും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇടക്കിടെ ഫോണ്‍ റീചാര്‍ജ് ചെയ്യാതെ ദീര്‍ഘനേരം ഉപയോഗിക്കാന്‍ ഇത് സഹായിക്കും 120W ഫ്‌ലാഷ് ചാര്‍ജിംഗ് സാങ്കേതിക വിദ്യയാണ് നിയോ 7 പ്രോയില്‍ ഉള്ളത്. അതുകൊണ്ട് ദ്രുതഗതിയില്‍ തന്നെ ഫോണില്‍ ചാര്‍ജ് നിറയും. വെറും 8 മിനിറ്റിനുള്ളില്‍ ബാറ്ററി 0 ശതമാനം മുതല്‍ 50 ശതമാനം വരെ ഫില്‍ ചെയ്യാന്‍ സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഫോണിന്റെ മറ്റൊരു സവിശേഷത. 8 മെഗാപിക്‌സലില്‍ ആണ് അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ ഉള്ളത്. ഇത് കൂടാതെ 2 മെഗാപിക്‌സലിന്റെ ഒരു മാക്രോ ക്യാമറയും ഫോണില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. സെല്‍ഫി പ്രേമികള്‍ക്കായി 16 മെഗാപിക്‌സലിന്റെ ഒരു ഫ്രണ്ട് ക്യാമറയും നിയോ 7 പ്രോയില്‍ ഉണ്ട്.
2400 x 1080 പിക്സല്‍ റെസലൂഷനില്‍ 6.78 ഇഞ്ച് വലുപ്പത്തിലുള്ള അമോലെഡ് ഡിസ്പ്ലേയില്‍ ഒരുങ്ങുന്ന ഫോണ്‍ രണ്ട് നിറങ്ങളില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്. 12GB + 256GB റാമും സ്റ്റോറേജുമുള്ള വേരിയന്റിന് 37,999 രൂപയും 8GB + 128GB റാമും സ്റ്റോറേജുമുള്ള വേരിയന്റിന് 34,999 രൂപയുമാണ് വില. ജൂലൈ 18ന് മുമ്പ് ഫോണ്‍ സ്വന്തമാക്കുന്നവര്‍ക്ക് 1,000 കിഴിവ് നല്‍കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ മുന്‍കൂട്ടി നിയോ 7 പ്രോ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് അധിക വാറന്റി കവറേജ് നല്‍കും. എസ്ബിഐ, ഐസിഐസിഐ എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ച് ഫോണ്‍ സ്വന്തമാക്കുന്നവര്‍ക്ക് 2000 രൂപയുടെ അധിക കിഴിവും ലഭിക്കും.
12GB വരെ LPDDR5 റാമുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗണ്‍ 8+ Gen 1 ചിപ്പ് ആണ് നിയോ 7 പ്രോയുടെ മറ്റൊരു സവിശേഷത. സെന്‍സറില്‍ ആകട്ടെ ആക്സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍, ഇ-കോമ്പസ്, ഗൈറോസ്‌കോപ്പ്, കളര്‍ ടെമ്പറേച്ചര്‍ എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്. ഡിസ്‌പ്ലേയുടെ ഉള്ളില്‍ തന്നെയാണ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിയോ 7 പ്രോയുടെ മറ്റൊരു സവിശേഷതയാണ് റിമോട്ട് കണ്‍ട്രോളിനുള്ള ഐആര്‍ ബ്ലാസ്റ്റര്‍. ഗെയിം കളിക്കുന്നതിന്റെ ഹരം വര്‍ധിപ്പിക്കാനായി മെച്ചപ്പെട്ട മോഷന്‍ കണ്‍ട്രോള്‍ സംവിധാനവും നിയോ 7 പ്രോയില്‍ ഐക്യൂ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഓസ് ആണ് ഫോണില്‍ ഇടം പിടിച്ചിരിക്കുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്.