മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന നവകേരള സദസ്സിന് പൂര്‍ണ പിന്തുണയുമായി കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ ജീവനക്കാരും, വിദ്യാര്‍ത്ഥികളും രംഗത്ത്. എക്‌സ്പ്രസ്സ് കേരളയോട് നടത്തിയ പ്രതികരണത്തില്‍ നവകേരള സദസ്സിനെ പ്രശംസിച്ചതിനോടൊപ്പം, പ്രതിപക്ഷ എതിര്‍പ്പുകളെ രൂക്ഷമായാണ് അവര്‍ വിമര്‍ശിച്ചിരിക്കുന്നത്.
രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത മികച്ച ആശയമാണ് നവകേരള സദസ്സെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഭരണകൂടം നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നാണ് അവരുടെ പരിഹരിക്കപ്പെടാത്ത പരാതികള്‍ എന്തൊക്കെയെന്ന് അന്വേഷിക്കുന്നത്. ഇതൊരു പുതിയ തുടക്കമാണ്, ഇത് ശരിക്കും നവകേരളം സൃഷ്ടിക്കുമെന്നും കുസാറ്റിലെ കാമ്പസ് സമൂഹം പറയുന്നു. കേരളം നവകേരള സദസ്സിനെ വലിയ പ്രതീക്ഷയൊടെയും അത്ഭുതത്തോടെയുമാണ് നോക്കി കാണുന്നതെന്നും അവര്‍ പ്രതികരിക്കുകയുണ്ടായി.
കേരളത്തിലെ താലുക്കുകളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര ‘അദാലത്തു’കള്‍ നടക്കാറുണ്ട്. ഇവിടെ പരമാവധി പരാതികള്‍ പരിഹരിക്കപ്പെടുന്നുമുണ്ട്. എന്നാല്‍, സാങ്കേതികതയുടെ കുരുക്കില്‍പെട്ട് പരിഹരിക്കപ്പെടാതെ പോകുന്ന പരാതികള്‍ക്ക് പരിഹാരം കാണുക എന്നതാണ് നവകേരള സദസിന്റെ ലക്ഷ്യമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. എല്ലാ വകുപ്പുകളും ഒരുമിച്ച് എത്തുന്നതോടെ കുരുക്കില്‍പ്പെട്ട് കിടക്കുന്ന നിരവധി പരാതികള്‍ പരിഹരിക്കപ്പെടുമെന്നും അവര്‍ വിലയിരുത്തുന്നു.
നവകേരള സദസിന്റെ മറവില്‍ മുഖ്യമന്ത്രിയും, മന്ത്രിമാരും ടൂര്‍ നടത്തുകയാണെന്ന പ്രതിപക്ഷ ആരോപണത്തിനെതിരെയും രൂക്ഷ പ്രതികരണങ്ങളുണ്ടായി. ഇത്തരത്തില്‍ പരിപാടിയെ ഇകഴ്ത്തി കാണിക്കാന്‍ ശ്രമിക്കുന്നത് മാനസിക വൈകല്യമായെ കാണാന്‍ കഴിയൂവെന്നാണ്, മിക്കവരും അഭിപ്രായപ്പെട്ടത്. ജനങ്ങള്‍ക്ക് ഉപകാരമാകുന്ന ഇത്തരം പരിപാടികളില്‍ നിന്ന് നിരന്തരമായി വിട്ടുനില്‍ക്കുന്നത് പ്രതിപക്ഷത്തിന് വലിയ തിരച്ചടിയാകുമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
നവകേരള സദസ്സ് പൂര്‍ത്തിയാക്കുന്നതോടെ പുതിയ ഒരു കേരളം സൃഷ്ടിക്കപ്പെടുമെന്ന് കുസാറ്റിലെ ജീവനക്കാരും, വിദ്യാര്‍ത്ഥികളും ഐക്യകണ്‌ഠേനയാണ് അഭിപ്രായപ്പെട്ടത്. പരിപാടിയുടെ ഗുണം വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന് ലഭിക്കുമെന്നും വലിയ തോതിലാണ് അഭിപ്രായങ്ങള്‍ ഉയര്‍ന്നത്. സമീപകാലത്ത് നേരിട്ട തിരിച്ചടികളില്‍ നിന്നും, ഇടതു പക്ഷത്തിന്റെ തിരിച്ചുവരവായി നവകേരള സദസ്സ് മാറുമെന്നാണ് സര്‍വകലാശാലയിലെ ജീവനക്കാരും, വിദ്യാര്‍ത്ഥികളും പറയുന്നത്. (എക്‌സ്പ്രസ്സ് കേരളയോട് നടത്തിയ പ്രതികരണങ്ങളുടെ പൂര്‍ണ വീഡിയോരൂപം കാണുക)