അങ്ങനെയിപ്പോള്‍ ഒടുവില്‍ കേരളത്തിന് വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു ഗവര്‍ണറെ ലഭിച്ചിരിക്കുകയാണ്. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി.സദാശിവത്തിന്റെ പിന്‍ഗാമി ഇനി എങ്ങനെയാണ് പിണറായി സര്‍ക്കാരിനോട് ഇടപെടുക എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. ആര്‍.എസ്.എസിന് രാജ്യത്ത് ഏറ്റവും കൂടുതല്‍ ശാഖകളും ബലിദാനികളുമുള്ള സംസ്ഥാനത്ത് ശക്തനായ ഗവര്‍ണര്‍ വരണമെന്നത് സംഘപരിവാറിന്റെ താല്‍പ്പര്യമായിരുന്നു.
ഉമാഭാരതിയും കല്യാണ്‍ സിംങ്ങും കുമ്മനവും മുതല്‍ ടി.പി സെന്‍കുമാര്‍വരെ നീണ്ട ഒരു പട്ടിക തന്നെ കേന്ദ്രത്തിന്റെ പരിഗണനയിലെത്തുകയും ചെയ്തിരുന്നു. ഉറച്ച സംഘപരിവാറുകാരായ ഇവരില്‍ ആര് വന്നാലും പിണറായി സര്‍ക്കാറിനെ പാഠം പഠിപ്പിക്കാം എന്നതായിരുന്നു കണക്കു കൂട്ടലുകളെല്ലാം. എന്നാല്‍ ഇപ്പോഴത്തെ നിയമനം സംഘപരിവാറിനെ സംബന്ധിച്ച് കണക്കു കൂട്ടലുകള്‍ തെറ്റിക്കുന്നതാണ്.
ആരിഫ് മുഹമ്മദ് ഖാന്‍ എന്ന പുതിയ കേരള ഗവര്‍ണറുടെ പശ്ചാത്തലം തന്നെ കാലുമാറ്റ രാഷ്ട്രീയമാണ്. ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് ഭാരതീയ ക്രാന്തി ദള്‍ പാര്‍ട്ടിയില്‍ നിന്നും സ്ഥാനാര്‍ഥിയായി സിയാന മണ്ഡലത്തില്‍ നിന്നും അദ്ദേഹം മത്സരിച്ചെങ്കിലും വിജയിച്ചിരുന്നില്ല. ജനതാ പാര്‍ട്ടിയില്‍ നിന്നും കോണ്‍ഗ്രസ്സിലെത്തിയതോടെ 1980ല്‍ കാണ്‍പുറില്‍ നിന്നും 84ല്‍ ബഹ്‌റൈച്ചില്‍ നിന്നും ആരിഫ് ലോക്സഭയിലേക്ക് വിജയിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര മന്ത്രിയുമായി. എന്നാല്‍ രാജീവ് ഗാന്ധിയുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് 1986ല്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും അദ്ദേഹം രാജിവച്ചു. മുസ്ലിം വ്യക്തി നിയമ ബില്ലുമായി ബന്ധപ്പെട്ടാണ് രാജീവ് ഗാന്ധിയുമായി ആരിഫ് ഖാന്‍ ഇടഞ്ഞിരുന്നത്. പിന്നീട് ജനതാദളായിരുന്നു തട്ടകം.
ജനാതാദള്‍ പ്രതിനിധിയായി 1989ല്‍ വീണ്ടും അദ്ദേഹം ലോക്സഭയിലെത്തി. ജനതാദള്‍ സര്‍ക്കാരിന്റെ കാലത്ത് വ്യോമയാന- ഊര്‍ജ വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. ഇവിടെയും അധികകാലം അദ്ദേഹം നിന്നിരുന്നില്ല. ജനതാദളിനോട് ഗുഡ്ബൈ പറഞ്ഞ ആരിഫ് പിന്നീട് ബി.എസ്.പിയിലാണ് ചേര്‍ന്നിരുന്നത്. 1998ല്‍ ബി.എസ്.പി ടിക്കറ്റിലാണ് ബഹ്റൈച്ചില്‍ നിന്ന് വീണ്ടും ലോക്സഭയിലെത്തിയിരുന്നത്. ഇതിനു ശേഷമായിരുന്നു കാവി പ്രേമം. 2004ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന ഖാന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി കൈസര്‍ഗഞ്ചില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും എട്ടു നിലയിലാണ് പൊട്ടിയിരുന്നത്. തുടര്‍ന്ന് 2007ല്‍ ബി.ജെ.പി വിട്ടെങ്കിലും മുത്തലാക്ക് വിഷയത്തോടെ വീണ്ടും മോദി സര്‍ക്കാരുമായി അടുക്കുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ സ്വദേശിയാണ് ആരിഫ് മുഹമ്മദ് ഖാന്‍. വിദ്യാര്‍ഥി നേതാവായാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചിരുന്നത്. ഇത്തരത്തിലുള്ള ഒരു വ്യക്തിയെ കേരള ഗവര്‍ണറായി കേന്ദ്രം നിയമിച്ചതില്‍ അമ്പരന്നിരിക്കുകയാണിപ്പോള്‍ പരിവാര്‍ നേതൃത്വം.
സദാശിവത്തിന്റെ പടിയിറക്കത്തോടെ നെയ്തു കൂട്ടിയ സ്വപ്നങ്ങളെല്ലാം തവിട് പൊടിയാകുമോ എന്ന ആശങ്ക ആര്‍.എസ്.എസ്- ബി.ജെ.പി നേതൃത്വത്തിനുണ്ട്. ബി.ജെ.പിയുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത ആളായാണ് നേതൃത്വം സദാശിവത്തെ വിലയിരുത്തിയിരുന്നത്. അതുകൊണ്ട് തന്നെയാണ് വീണ്ടും കാലാവധി നീട്ടി നല്‍കരുതെന്ന കടുത്ത നിലപാടും സംസ്ഥാന നേതൃത്വം സ്വീകരിച്ചിരുന്നത്.
പിണറായി സര്‍ക്കാര്‍ സംഘപരിവാര്‍ നേതാക്കളെ പോലും ദ്രോഹിക്കുന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടിക്ക് വിധേയനായ ഒരു ഗവര്‍ണറെ ആയിരുന്നു ബി.ജെ.പി നേത്യത്വം ആഗ്രഹിച്ചിരുന്നത്. പുതിയ ഗവര്‍ണര്‍ നിയമനത്തോടെ പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കപ്പെടുമെന്ന ഉറപ്പ് കേന്ദ്ര നേതൃത്വവും സംസ്ഥാന ഘടകത്തിന് നല്‍കിയിരുന്നു. എന്നാല്‍ നേതാക്കള്‍ക്ക് ഒരു സൂചന പോലും നല്‍കാതെയാണ് അപ്രതീക്ഷിതമായി ആരിഫിനെ കേന്ദ്രം കേരളത്തിലേക്ക് അയച്ചിരിക്കുന്നത്.
തമിഴ്‌നാട് ഘടകം ബി.ജെ.പി അദ്ധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജനെ തെലങ്കാന ഗവര്‍ണറാക്കിയ കേന്ദ്രം കേരളത്തിലെ നിയമനത്തില്‍ ആ പരിഗണന നല്‍കാതിരുന്നതിലാണ് നേതാക്കളുടെ രോഷം മുഴുവന്‍. തമിഴിസൈയെ കേരള ഗവര്‍ണറാക്കിയിരുന്നെങ്കിലും പ്രശ്നമില്ലായിരുന്നു എന്ന അഭിപ്രായവും നേതാക്കള്‍ക്കിടയിലുണ്ട്.
സദാശിവത്തേക്കാള്‍ പിണറായി സര്‍ക്കാറിന് സ്വീകാര്യനായി മാറുമോ ആരിഫ് എന്ന സംശയവും അവര്‍ക്കിടയില്‍ ഉയര്‍ന്നു കഴിഞ്ഞു. ഇടതുപക്ഷ നേതാവായ എം.പി വിരേന്ദ്ര കുമാറുമൊത്ത് ജനതാദളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച നേതാവാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഇവര്‍ക്കിടയിലെ ഈ സൗഹൃദം പിണറായി സര്‍ക്കാര്‍ ഉപയോഗപ്പെടുത്താനുള്ള സാധ്യതയും ഇനി കൂടുതലാണ്.
കേരള സര്‍വ്വകലാശാലയിലെ സെനറ്റ് അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് മാത്രമാണ് സദാശിവത്തിനെതിരെ സി.പി.എം പരസ്യമായി രംഗത്ത് വന്നിരുന്നത്. ഇത് മാത്രമായിരുന്നു ഉടക്ക് എന്ന് ചൂണ്ടിക്കാട്ടാന്‍ കഴിയാവുന്ന ഏക സംഭവവും.
ശബരിമല വിഷയത്തില്‍ നൂറ് കണക്കിന് കേസുകളില്‍ സംഘപരിവാര്‍ നേതാക്കള്‍ ഉള്‍പ്പെടെ പ്രതിയായപ്പോള്‍ പോലും നിയമം വിട്ട ഒരിടപെടലും സദാശിവം നടത്തിയിരുന്നില്ല. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷത്തിലും അദ്ദേഹത്തിന്റെ നിലപാട് ഇതു തന്നെയായിരുന്നു. ഡി.ജി.പിയോടും മുഖ്യമന്ത്രിയോടും വിശദീകരണം തേടുക എന്നതില്‍ കവിഞ്ഞ ഒരു തുടര്‍ നടപടിയും ഗവര്‍ണര്‍ സ്വീകരിച്ചിരുന്നില്ല.
മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടി ആയതിനാല്‍ സദാശിവത്തിന് അങ്ങനെ പെരുമാറാനേ കഴിയുമായിരുന്നുള്ളു. ഇതോടെയാണ് രാഷ്ട്രീയക്കാരനായ ആരെയെങ്കിലും ഗവര്‍ണറായി നിയമിക്കണമെന്ന ആവശ്യം ബി.ജെ.പി സംസ്ഥാന നേത്യത്വം മുന്നോട്ട് വച്ചിരുന്നത്.
ഈ ആവശ്യം അംഗീകരിച്ച കേന്ദ്രം വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പയറ്റി തെളിഞ്ഞയാളെ തന്നെയാണ് ഇപ്പോള്‍ കേരള ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്. മോദിയും അമിത് ഷായും ചേര്‍ന്നെടുത്ത തീരുമാനമായതിനാലും രാഷ്ട്രപതി ഉത്തരവില്‍ ഒപ്പ് വച്ചതിനാലും മറിച്ചൊരു വാക്ക് പോലും പറയാന്‍ പറ്റാത്ത അവസ്ഥയിലാണ് സംസ്ഥാന ബി.ജെ.പി നേതാക്കള്‍. പുതിയ ഗവര്‍ണര്‍ പിണറായി സര്‍ക്കാറിനോട് സ്വീകരിക്കുന്ന നയം എന്തായിരിക്കുമെന്നതാണ് ആര്‍.എസ്.എസ് നേതൃത്വവും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
Political Reporter