ലണ്ടന്‍: ജനുവരിയില്‍ കൊളംബിയയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം യു.കെ.യിലും കണ്ടെത്തി. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടാണ് പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞത്. ഈ വകഭേദം ബാധിച്ച പുതിയ 16 കേസുകളാണ് യു.കെ.യില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബി.1.621. എന്നാണ് ഇതിന് നല്‍കിയ പേര്. ഇതിനെതിരേ വാക്‌സിന്‍ ഫലപ്രദമാണോ, ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമോ എന്നിവ സംബന്ധിച്ച് തെളിവുകളൊന്നും ലഭ്യമല്ലെന്ന് അധികൃതര്‍ അറിയിച്ചു.
റിപ്പോര്‍ട്ട് ചെയ്ത മിക്ക കേസുകളും വിദേശ യാത്രയുമായി ബന്ധപ്പെട്ടുള്ളതാണ്. നിലവില്‍ യു.കെ.യില്‍ കമ്മ്യൂണിറ്റി വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും ആഴ്ചകളായി യു.കെ.യിലെ കൊവിഡ് സ്ഥിതി കൂടുതല്‍ വഷളായി, ഇത് വൈറസിന്റെ ഡെല്‍റ്റ വേരിയന്റിന് കാരണമായി. കേസുകളില്‍ വര്‍ദ്ധനവുണ്ടായിട്ടും, ഈ ആഴ്ച യു.കെ.യില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്തിരുന്നു.