തിരുവനന്തപുരം: എല്‍ ഡി എഫ് സര്‍ക്കാരിന്റെ പുതിയ മദ്യ നയം നിലവില്‍ വരുന്നതോടെ സംസ്ഥാന സര്‍ക്കാരിന് 1600 കോടി രൂപയുടെ അധിക വാര്‍ഷിക വരുമാനം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന കെട്ടിട നികുതി, തൊഴില്‍ നികുതി, ടൂറിസം മേഖലയിലെ അധിക വരുമാനം എന്നിവയ്ക്ക് പുറമേ അധിക വരുമാനം ലഭിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മദ്യ നയത്തിന്റെ ഭാഗമായി ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കുന്നതോടെ ബിവറേജസിലൂടെയുള്ള വില്പന നികുതിയിനത്തില്‍ 1200 കോടിയും, വിറ്റുവരവ് നികുതിയിനത്തില്‍ 355 കോടിയും ലൈസന്‍സ് ഫീസിനത്തില്‍ 42 കോടിയുമാണ് അധികം ലഭിക്കുക.
ബാറുകളും ഏതാനും ബെവ്‌കോ ഷോപ്പുകളും പൂട്ടിയതും ദൂര പരിധി പ്രശ്‌നങ്ങളും ജനകീയ സമരങ്ങളും സംസ്ഥാനത്ത് മദ്യവില്പന കുറച്ചെങ്കിലും മദ്യ നികുതി വര്‍ദ്ധന മൂലം വരുമാനം കൂടി 760 കോടിയിലെത്തിയിരുന്നു.
150 ഓളം ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ കൂടി തുറക്കുന്നതോടെ ഇതില്‍ പ്രതിമാസം 95 വരെ കോടിയുടെ വര്‍ദ്ധനയുണ്ടാവുമെന്നാണ് കണക്ക്. ഇതിന് പുറമേ, കൂടുതല്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്കും വഴിയൊരുങ്ങും. ഇത് വഴിയാണ് പ്രതിവര്‍ഷം 1200 കോടിയുടെ വര്‍ദ്ധന പ്രതീക്ഷിക്കുന്നത്.
ബാറുകളിലേക്ക് ബിവറേജസ് കോര്‍പറേഷനിലൂടെയാണ് മദ്യം വിതരണം ചെയ്യുന്നതെങ്കിലും ബാറുകളില്‍ നിന്ന് വിറ്റുവരവ് നികുതിയായി മൊത്തം വ്യാപാരത്തിന്റെ പത്ത് ശതമാനം സര്‍ക്കാര്‍ ഈടാക്കും.ഇത് ഏകദേശം 355 കോടി വരും. ബാറുകള്‍ക്കുള്ള ലൈസന്‍സ് ഫീസ് 23 ലക്ഷത്തില്‍ നിന്ന് 28 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. അടുത്ത മാസം മുതല്‍ വീണ്ടും തുറക്കുന്ന ബാറുകളില്‍ നിന്ന് ഈ തുക സര്‍ക്കാരിന് ലഭിക്കും.
ക്ലബുകള്‍, ഭോജനശാലകള്‍, ആഘോഷ സ്ഥലങ്ങള്‍, വിമാനത്താവളങ്ങള്‍, ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ എന്നിവയ്ക്ക് താത്കാലിക പെര്‍മിറ്റുകള്‍ക്ക് വിവിധ തരത്തിലുള്ള ലൈസന്‍സ് ഫീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ 50 കോടി വരെ വരുമാനം ലഭിക്കും.
ബിവറേജസിലൂടെ ഒരു ദിവസം 30 കോടിയോളം രൂപയുടെ മദ്യമാണ് ഇപ്പോള്‍ വിറ്റഴിക്കുന്നത്. പ്രതിവര്‍ഷം ശരാശരി 9000 കോടിയുടെ വ്യാപാരം. ഇത്രയും തുക ട്രഷറിയിലേക്ക് വരുന്നതിന്റെ നേട്ടം കേരളം പോലെ സാമ്പത്തിക കമ്മി നേരിടുന്ന സംസ്ഥാനത്തിന് ഏറെ ഗുണകരമാണ്.