തിരുവനന്തപുരം: സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക വകുപ്പു രുപീകരിക്കാന്‍ ആലോചന നടക്കുന്നതിനിടെ, വകുപ്പിനു മുഴുവന്‍സമയ മന്ത്രി വേണോയെന്ന കാര്യത്തില്‍ സി.പി.എമ്മിലും എല്‍.ഡി.എഫിലും ആശയക്കുഴപ്പം.
സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനു വേണ്ടിയുള്ള വകുപ്പ് രൂപീകരിക്കുമ്പോള്‍ അത് പ്രത്യേക വകുപ്പാക്കണോ അതോ നിലവിലെ സാമൂഹിക നീതി വകുപ്പിനെ പുനര്‍നാമകരണം ചെയ്യണോ എന്ന കാര്യത്തിലും വ്യക്തതയില്ല. എന്നാല്‍ അങ്ങനെയെങ്കില്‍ പുതിയ മന്ത്രി സി.പി.എമ്മില്‍ നിന്നാകണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം. കെ.കെ ശൈലജയെ സാമൂഹികനീതി, വനിതാ സുരക്ഷാ മന്ത്രിയാക്കുകയും ആരോഗ്യ വകുപ്പിനു പുതിയ മന്ത്രിയെ ഉള്‍പ്പെടുത്താനും നീക്കമുണ്ട്.
ഷൈലജക്ക് പുതിയ വകുപ്പില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ആഗ്രഹവുമുണ്ടത്രേ. എന്നാല്‍ പുതിയൊരു മന്ത്രികൂടി ഉണ്ടെങ്കില്‍ അത് തങ്ങള്‍ക്കു വേണമെന്നാണ് സി.പി.ഐ അവകാശപ്പെടുന്നത്. പീരുമേട്ടില്‍ നിന്നും മൂന്നാം തവണയും വിജയിച്ച ഇ.എസ് ബിജിമോളെ മന്ത്രിയാക്കാനാണ് സി.പി.ഐ ആഗ്രഹിക്കുന്നത്. എന്നാല്‍ സി.പി.ഐയില്‍ത്തന്നെ ബിജിമോള്‍ക്കെതിരെ എതിര്‍പ്പുള്ളതാണ് സി.പി.എമ്മിനു പ്രതീക്ഷ നല്‍കുന്നത്. ഇതിനിടെ ആരോഗ്യ വകുപ്പ് മന്ത്രിയായി ഐഷാ പോറ്റിയെയോ കെ.സുരേഷ് കുറുപ്പിനെയോ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള ആലോചനയും സി.പി.എമ്മില്‍ സജീവമായിട്ടുണ്ട്.
സ്ത്രീകളുടെയും കുട്ടികളുടെയും രക്ഷയ്ക്കു മാത്രമായി ഒരു വകുപ്പ് എന്നത് ഇടതുമുന്നണി പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനമാണ്. അതു പ്രചാരത്തിലാകുകയും ചെയ്തിരുന്നു. സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിലും അത് ആവര്‍ത്തിക്കുകയും ചെയ്തു. ഇതോടെ സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുള്ള കാര്യമാണ് സ്ത്രീ സുരക്ഷാ വകുപ്പെന്ന് ഉറപ്പാവുകയും ചെയ്തു. എന്നാല്‍ അധിക സാമ്പത്തിക ബാധ്യത വരാതെവേണം പുതിയ വകുപ്പിന്റെ രൂപീകരണമെന്നാണ് ധനമന്ത്രി ടി.എം തോമസ് ഐസക്കിന്റെ നിലപാട്.
അത് അദ്ദേഹം മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും അറിയിച്ചിട്ടുമുണ്ട്. പക്ഷേ, സാമൂഹിക നീതി വകുപ്പിനു കീഴിലെ ഒരു വിഭാഗം മാത്രമായി സ്ത്രീസുരക്ഷാ വകുപ്പ് രൂപീകരിക്കുകയോ സാമൂഹികനീതി വകുപ്പിനു സ്ത്രീസുരക്ഷാ സാമൂഹിക നീതി വകുപ്പെന്നു പേരിടുകയോ ചെയ്യുമ്പോള്‍ അത് വാഗ്ദാനം പാലിക്കാന്‍ വേണ്ടി മാത്രമുള്ള കാട്ടിക്കൂട്ടലായിപ്പോകുമെന്നാണു മുഖ്യമന്ത്രിയുടെ നിലപാട്. ജൂലൈ എട്ടിന് അവതരിപ്പിക്കുന്ന ബജറ്റില്‍ സ്ത്രീസുരക്ഷാ വകുപ്പിനേക്കുറിച്ചുള്ള വ്യക്തമായ ചിത്രമുണ്ടാകും.